15 October Tuesday
മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും: വി ജോയി എംഎൽഎ

പാപനാശത്ത് വീണ്ടും 
കുന്നിടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

കനത്ത മഴയിൽ പാപനാശം ഹെലിപ്പാഡിന് സമീപം കുന്നിടിഞ്ഞപ്പോൾ

വർക്കല
കനത്ത മഴയിൽ പാപനാശം കുന്നുകൾ വീണ്ടും ഇടിഞ്ഞു. ഹെലിപ്പാഡിന് പടിഞ്ഞാറ് ഭാഗത്ത് കടലിനോട് ചേർന്ന ഭാഗമാണ് ഇടിഞ്ഞത്‌. ടൂറിസം മേഖലയിലെ പ്രധാന ആകർഷണമായ കുന്നുകൾ മഴയിൽ നിരന്തരം ഇടിയുന്നത്‌ വിനോദസഞ്ചാരത്തിന്‌ ഭീഷണിയാണ്‌. ഇതുവഴി കാൽനടയാത്ര നിയന്ത്രിച്ചും ഗതാഗതം പൂർണമായും നിരോധിച്ചും കലക്ടർ ഉത്തരവിറക്കുകയും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും വാഹനത്തിൽ വരുന്നവർ ത ന്നെ ബാരിക്കേഡ് എടുത്ത് മാറ്റി വാഹനവുമായി കടന്നുപോകുന്നതാണ്‌ പതിവ്‌. ഹെലിപ്പാഡിന് സമീപം ടൂറിസം പൊലീസിന്റെ എയ്ഡ് പോസ്റ്റിന് സമീപമുള്ള ക്ലിഫ് നടപ്പാതയിലാണ്‌ ഗതാഗതം നിരോധിച്ചത്. 
തഹസിൽദാർ, കലക്ടർ തുടങ്ങിയവർക്ക് പുറമേ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയടക്കമുള്ളവർ സ്ഥലം സന്ദർശിച്ച് പാപനാശം കുന്നുകൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും യാതൊരു നടപടികളും ഇനിയും സ്വീകരിച്ചിട്ടില്ല.
 
മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും: വി ജോയി എംഎൽഎ
വർക്കല
പാപനാശത്ത് മഴയിൽ തുടരെ കുന്നിടിയുന്നത് അടിയന്തരമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി കേന്ദ്രത്തിന് നിവേദനം നൽകുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ വരുന്ന  പ്രധാനപ്പെട്ട ക്ലിഫുകളിൽ ഒന്നാണ് വർക്കല. ഇവിടെ സംരക്ഷണം ഏറ്റെടുത്ത് നടപ്പാക്കേണ്ടത് കേന്ദ്രവും സംസ്ഥാനവും കൂടിയാണ്. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള പ്രദേശത്തല്ല കുന്നിടിഞ്ഞ് വീണത്. 
പ്രദേശത്ത് അനധികൃത നിർമാണങ്ങളുമില്ല. ശക്തമായ മഴയിൽ കുന്നുകൾ അടർന്ന് വീഴാറുണ്ട്. ഇക്കഴിഞ്ഞ മേയിലും കുന്നിടിച്ചിലുണ്ടായി. കലക്ടറുടെ നേതൃത്വത്തിലുള്ള ദുരന്ത നിവാരണ അതോറിറ്റി സ്ഥലം സന്ദർശിച്ച് യോഗം ചേരുകയും ജെസിബി ഉപയോഗിച്ച് മുകളിലത്തെ കട്ടിയില്ലാത്ത മണ്ണ് മാറ്റി സംരക്ഷിച്ചിരുന്നു. 
മാസങ്ങൾക്ക് മുമ്പ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഹെലിപ്പാഡ് സന്ദർശിക്കുകയും കലക്ടറെയും മറ്റ് ഉദ്യോഗസ്ഥരെയും വിളിച്ച് വരുത്തി കുന്നുകളുടെ സംരക്ഷണത്തിനായി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top