തിരുവനന്തപുരം
കാലത്തിന് മായ്‌ക്കാനാകാത്ത പോരാട്ടത്തിന്റെ പ്രതീകമായി, അയ്യൻകാളിയുടെ ജന്മദേശമായ മുക്കോല പെരുങ്കാറ്റുവിളയിൽ നിർമിച്ച സ്മൃതിമണ്ഡപവും അയ്യൻകാളിയുടെ വില്ലുവണ്ടി ശിൽപ്പവും നാടിന് സമർപ്പിച്ചു. സിപിഐ എം കോവളം ഏരിയ കമ്മിറ്റി നിർമിച്ച അയ്യൻകാളി സ്മൃതിമണ്ഡപത്തിന്റെ ഉദ്ഘാടനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർവഹിച്ചു. രണ്ട് വെള്ളക്കാളകളെ പൂട്ടിയ വില്ലുവണ്ടിയിൽ അയ്യൻകാളിയും സഹായി കൊച്ചപ്പിയും സവർണരെ വിറപ്പിച്ച് നടത്തിയ യാത്രയുടെ
ജീവൻ തുടിക്കുന്ന ശിൽപ്പമാണ് സ്മൃതിമണ്ഡപത്തിലുള്ളത്. അയ്യൻകാളിയുടെ ഒരു അർധകായപ്രതിമയും നിർമിച്ചിട്ടുണ്ട്.
അയ്യൻകാളിയുടെ പിന്മുറക്കാരനും സിപിഐ എം പ്രവർത്തകനുമായ പെരുങ്കാറ്റുവിള ശരണ്യത്തിൽ മധുസൂദനനാണ് സ്മൃതിമണ്ഡപത്തിനായി ഒരു സെന്റ് കൈമാറിയത്. ആഴിമലയിൽ ശിൽപ്പം നിർമിച്ച ദേവദത്തന്റെ നേതൃത്വത്തിലായിരുന്നു നിർമാണം. 2018ൽ വില്ലുവണ്ടി യാത്രയുടെ 125–--ാം വാർഷികം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്മൃതിമണ്ഡപം നിർമിക്കാൻ തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് മണ്ഡപത്തിന് കല്ലിട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..