തിരുവനന്തപുരം
സമൂഹത്തിലെ ജീർണതകൾക്കെതിരെ പോരാടാനുള്ള ആയുധമാണ് കുമാരനാശാന്റെ കവിതകളെന്ന് മന്ത്രി സജി ചെറിയാൻ. ജാതീയതയ്ക്കെതിരായ നിലപാട് വളർത്തിയെടുക്കാനും എല്ലാവിഭാഗം മനുഷ്യരെപ്പറ്റി സമൂഹത്തെ പഠിപ്പിക്കാനും അദ്ദേഹത്തിനായി. ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ആശാൻ സാഹിത്യോത്സവത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മലയാളകവിതകളുടെ ചരിത്രം മാറ്റിയ ആളാണ് ആശാൻ. കേരള നവോത്ഥാനത്തിന്റെ മുൻനിര പോരാളി. കവിതകളിലൂടെയും അല്ലാതെയും നവോത്ഥാന മൂല്യങ്ങൾ പൊതുസമൂഹത്തിന് നൽകാൻ അദ്ദേഹത്തിനായെന്നും മന്ത്രി പറഞ്ഞു. ജയിൽ, ഓർഫനേജ് ലൈബ്രറികൾക്കുള്ള പുസ്തക വിതരണം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി പി മുരളി അധ്യക്ഷനായി. വി ജോയി എംഎൽഎ മുഖ്യാതിഥിയായി. പ്രൊഫ. വി കാർത്തികേയൻ നായർ, ഡോ. എം എ സിദ്ദീഖ് എന്നിവർ ആശാൻ കവിതകളെ സംബന്ധിച്ച് പ്രഭാഷണം നടത്തി. പേരയം ശശി, എൻ രതീന്ദ്രൻ, സി അനിൽകുമാർ എന്നിവര്‍ സംസാരിച്ചു.
പുനലൂർ ഇടമണൺ എച്ച്‌എസ് ആൻഡ് വിഎച്ച്‌എസ്‌എസിലെ വിദ്യാർഥിനികൾ ചിന്താവിഷ്‌ടയായ സീതയുടെ നൃത്താവിഷ്‌കാരം അവതരിപ്പിച്ചു. ആറ് താലൂക്ക് ലൈബ്രറി കൗൺസിലുകളും സാഹിത്യോത്സവം സംഘടിപ്പിക്കും. അയ്യൻകാളി ഹാൾ, ഭരതന്നൂർ, നെടുമങ്ങാട്, ചിറയിൻകീഴ്, ശാർക്കര, കീഴാറൂർ, നെല്ലിമൂട്, കാരക്കോണം, മലയിൻകീഴ്, വെട്ടിയറ, പനയറ എന്നിവിടങ്ങളിലായി വ്യാഴം, ശനി, ഞായർ, ചൊവ്വ ദിവസങ്ങളിലായി നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..