21 November Thursday
113 കേസ്‌ രജിസ്‌റ്റർ ചെയ്‌തു

തിരുവിതാംകൂർ സഹ. സംഘത്തിൽ റെയ്‌ഡ്‌

സ്വന്തം ലേഖകൻUpdated: Sunday Sep 15, 2024
തിരുവനന്തപുരം
ബിജെപി നേതൃത്വം നൽകുന്ന തിരുവിതാംകൂർ സഹകരണ സംഘത്തിൽ പൊലീസ്‌ റെയ്‌ഡ്‌ നടത്തി. നിക്ഷേപത്തട്ടിപ്പിനിരയായവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം  ഫോർട്ട്‌ പൊലീസ്‌ പരിശോധന നടത്തിയത്‌. നിരവധിരേഖകൾ കണ്ടെടുത്തതായാണ്‌ വിവരം. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്ന്‌ പൊലീസ്‌ അറിയിച്ചു.ബിജെപി സംസ്ഥാന നേതാവ്‌ എം എസ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള തിരുവിതാംകൂർ സഹകരണ ബാങ്കിനെതിരെ 150  നിക്ഷേപകരാണ്‌ പരാതി നൽകിയിട്ടുള്ളത്‌. ഫോർട്ട്‌, മെഡിക്കൽ കോളേജ്‌ സ്‌റ്റേഷനുകളിലായി ഇതുവരെ 113 കേസ്‌ രജിസ്‌റ്റർ ചെയ്‌തു. ഇതിൽ 105 കേസ്‌ ഫോർട്ട്‌ സ്‌റ്റേഷനിൽ മാത്രം രജിസ്‌റ്റർ ചെയ്‌തവയാണ്‌. കൂടുതൽ പരാതികൾ വന്നുകൊണ്ടിരിക്കുകയാണെന്നും അന്വേഷിച്ച്‌ തുടർനടപടികൾ സ്വീകരിക്കുമെന്നും ഫോർട്ട്‌ പൊലീസ്‌ അറിയിച്ചു. 
ബിജെപി മുൻ സംസ്ഥാന വക്താവായ എം എസ്‌ കുമാർ 19 വർഷം ഈ സംഘത്തിന്റെ പ്രസിഡന്റായിരുന്നു. 42 കോടിയിലേറെ രൂപയുടെ തട്ടിപ്പ്‌ നടത്തിയതായാണ്‌ പരാതി. 80 ശതമാനം നിക്ഷേപകരും ആർഎസ്‌എസ്‌, ബിജെപി ബന്ധമുള്ളവരാണ്‌. പണംതിരികെ ലഭിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട്‌ ബിജെപി ജില്ലാ, സംസ്ഥാന നേതൃത്വത്തെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്ന്‌ നിക്ഷേപകർ പറയുന്നു. നേതൃത്വത്തിന്റെകൂടി അറിവോടെയാണ്‌ കൊള്ളയെന്നും ആരോപണമുണ്ട്‌. ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ ഉൾപ്പെടെ ഭരണസമിതി അംഗങ്ങളായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top