തിരുവനന്തപുരം
മലയാളികൾക്കൊപ്പം ഓണം ആഘോഷിക്കുകയാണ് ജെമിനി സർക്കസ് കൂടാരത്തിലെ ഇതരസംസ്ഥാനത്തിലെ കലാകാരന്മാർ. ട്രപ്പീസിലൂയലാടിയും റിങ് മാസ്റ്ററായും ചെപ്പടിവിദ്യക്കാരനായും ജോക്കറായും കാണികളെ വിസ്‌മയിപ്പിക്കുന്ന കലാകാരന്മാർക്ക് വിശേഷ ദിവസങ്ങളിൽ അവധിയില്ല. എങ്കിലും കൂടാരത്തിനുള്ളിൽ ഓണം ആഘോഷിക്കാൻ അവർ മറന്നില്ല. അതിരാവിലെ പൂക്കളമൊക്കി. പലരും അപ്പോഴാണ് ഓണത്തെക്കുറിച്ച് അറിയുന്നത്.
ആഫ്രിക്കയിൽനിന്നും എത്യോപ്യയിൽ നിന്നുമെത്തിയവർക്ക് ഇതൊരു പുത്തൻ അനുഭവമായി. കോടിയായി കമ്പനി നൽകിയ കേരളാസാരിയണിഞ്ഞ് മുല്ലപ്പൂ ചൂടി മലയാളിമങ്കമാരായി ഉത്തരേന്ത്യൻ വനിതകളും തയ്യാറായി. പൂക്കളത്തിന് ചുറ്റും ഇവരുമായി സെൽഫി എടുക്കാനും ആളുകളെത്തി. ഏത് ആഘോഷം വന്നാലും ഇവർ കൂടാരത്തിനുള്ളിലാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സർക്കസ് അവതരിപ്പിക്കുന്ന ഇവർ ഓരോ സ്ഥലത്തെത്തുമ്പോഴും അവിടുത്തെ ആഘോഷങ്ങളുടെ ഭാഗമാകാറാണ് പതിവ്.
"ഓണം മലയാളികളുടെ മാത്രം ആഘോഷമല്ല, മലയാളത്തെ സ്നേഹിക്കുന്നവരുടെയുംകൂടിയാണ്. നാല് തവണ കേരളത്തിൽ ഓണം ആഘോഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. കേരളാ വേഷമാണ് കൂടുതലിഷ്ടം. ഇവിടെ ഒരുപാട് അമ്പലങ്ങൾ ഉണ്ട്. രാവിലെ സമ്മാനമായി കിട്ടിയ കസവുമുണ്ടുടുത്ത് ക്ഷേത്രത്തിൽ പോകും. കേരളംപോലെ സുന്ദരമാണ് മലയാളികളും ഇവിടുത്തെ ആഘോഷങ്ങളും –- നേപ്പാൾ സ്വദേശി ഭൂഷൺ പറയുന്നു. വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം വീണ്ടും പ്രകടനങ്ങളിലേക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..