22 November Friday

പുലിമുട്ടിൽ കുടുങ്ങിയ 
ബാർജുകൾ നീക്കാനായില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

മുതലപ്പൊഴിയിൽ കുടുങ്ങിക്കിടക്കുന്ന ബാർജുകൾ

ചിറയിൻകീഴ് 
മുതലപ്പൊഴി പുലിമുട്ടിൽ കുടുങ്ങിയ ബാർജുകൾ നീക്കാനായില്ല. തിങ്കൾ രാവിലെ കമ്പനി പ്രതിനിധികൾ മുതലപ്പൊഴിയിലെത്തി പരിശോധന നടത്തിയെങ്കിലും തകരാർ പരിഹരിക്കാനായില്ല. മണ്ണിലും പുലിമുട്ടിലുമായി കുടുങ്ങിയ ബാർജുകളുടെ എൻജിന്റെ തകരാർ പരിഹരിച്ചാലും സ്റ്റാർട്ട് ചെയ്ത്‌ നീക്കാനാകാത്ത അവസ്ഥയിലാണ്.  
മുബൈയിൽനിന്നോ എറണാകുളത്തുനിന്നോ വലിയ ടഗ്ഗ് എത്തിച്ചെങ്കിൽ മാത്രമേ ബാർജുകളെ കെട്ടിവലിച്ച് വെള്ളത്തിലേക്ക് ഇറക്കി ഇവ നീക്കം ചെയ്യാനാകൂ. ഇതിനായി 15 ദിവസമെങ്കിലും വേണ്ടിവരുമെന്ന് അദാനി കമ്പനി പ്രതിനിധി പറഞ്ഞു. 
മുംബൈ ആസ്ഥാനമായ അമൃത് ഡ്രഡ്ജിങ് കമ്പനിയുടേതാണ് ബാർജുകൾ.ശനി രാവിലെ പത്തിന്‌ വിഴിഞ്ഞം തുറമുഖത്തേക്ക് പുറപ്പെട്ട ബാർജാണ് ശക്തമായ തിരയിൽപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം പുലിമുട്ടിലേക്ക് ഇടിച്ചുകയറിയത്. രാത്രി 8.30നാണ് രണ്ടാമത്തെ ബാർജും അപകടത്തിൽപ്പെട്ടത്‌. മുതലപ്പൊഴി പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന ബാർജ് ശക്തമായ കടൽക്ഷോഭത്തിൽ 300 മീറ്ററോളം ഒഴുകി അഴിമുഖത്ത് പുലിമുട്ടിനു സമീപം മണൽത്തിട്ടയിലേക്ക്‌ കയറി. അഴിമുഖത്തുനിന്ന്‌ മണൽ നീക്കുന്നതിനായാണ് മാസങ്ങൾക്കുമുമ്പ്‌ ബാർജുകൾ മുതലപ്പൊഴിയിൽ എത്തിച്ചത്. 
കാലാവസ്ഥ പ്രതികൂലമായതോടെ മണൽനീക്കം നിലച്ചു. ഇതോടെയാണ് ബാർജുകൾ വിഴിഞ്ഞത്തേക്ക് കൊണ്ടുപോകുന്നത്. അഴിമുഖ ചാനലിൽ ബാർജുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ വലിയ തിരയിൽ വള്ളങ്ങൾക്ക് അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top