22 December Sunday

സ്വിസ് രുചിയില്‍‌ പൊലാന്റയും മീന്‍കറിയും

സ്വന്തം ലേഖികUpdated: Tuesday Oct 15, 2024

ഗവ.ആർട്‌സ് കോളേജ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച ‘ഫുഡ് പ്രാക്ടീസിൽ ‘ സ്വിസ് പൗര അലക്സാന്ദ്ര സ്കെററും മകൾ അലായയും ചേർന്ന് സ്വിസ് പൊലാന്റ ഉണ്ടാക്കുന്നു

 
തിരുവനന്തപുരം
കപ്പേം മീൻകറീം പോലൊരു അസാധ്യ കോമ്പിനേഷൻ, പൊലാന്റയും ആലപ്പുഴ മീൻകറീം. തനിനാടൻ കോംബോയാണെങ്കിലും താരം സ്വിറ്റ്സർലാൻഡിൽനിന്നാണ്. സ്വിറ്റ്സർലാൻഡ്‌ പൗരയും കേരളത്തിന്റെ മരുമകളുമായ അലക്സാന്ദ്ര സ്കെററാണ് ഈ വിഭവത്തെ തിരുവനന്തപുരത്തിന് പരിചയപ്പെടുത്തിയത്. ​അലക്സാന്ദ്രയ്ക്കൊപ്പം മകൾ അലായയും പാചകത്തിൽ സഹായിയായി. തൈക്കാട് ​​ഗവ. ആർട്സ് കോളേജിലെ നാലുവർഷ ബിരുദത്തിലെ ഭക്ഷണം, സാഹിത്യം, സംസ്കാരം എന്ന വിഷയത്തിന്റെ പ്രാക്ടിക്കൽ ക്ലാസാണ് സ്വിസ് -ഇന്ത്യ ഫ്യൂഷന് വേദിയായത്. സാഹിത്യത്തിലെ ഭക്ഷണസംസ്കാരം പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ് കോളേജിലെ ക്ലാസ്‌മുറി അടുക്കളയാക്കിയത്. 
ഇം​ഗ്ലീഷ് വിഭാ​ഗം മേധാവി ഡോ. ക്രിബുന വിശ്വാസാണ് ആലപ്പുഴ മീൻകറി തയ്യാറാക്കിയത്. പാചകത്തിൽ ഉപയോ​ഗിക്കുന്ന വാക്കുകളുടെ ഇം​ഗ്ലീഷ് വിദ്യാർഥികൾക്ക് സ്വായത്തമാക്കാനും ക്ലാസ് സഹായകമായി. സ്വിറ്റ്സർലാൻഡിന്റെ ദ​ക്ഷിണമേഖലയായ ടിച്ചിനോയിൽ പ്രധാന വിഭവമായ പൊലാന്റ ചോളം ഉപയോ​ഗിച്ചാണ് തയ്യാറാക്കിയത്. ഇറ്റാലിയൻ ചീസ്, ഒലിവ് ഓയിൽ‌ തുടങ്ങിയവയാണ് വിഭവത്തിന്റെ ചേരുവ. പാചകത്തിന് ശേഷം വിദ്യാർഥികളുമായി ഭാഷയുടെയും സംസ്കാരത്തിന്റെയും പ്രത്യേകതകളും അവർ പങ്കുവച്ചു. സ്വിറ്റ്സർലാന്റിൽ സീനിയർ കോർപറേറ്റ് കമ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റുമായ അലക്സാന്ദ്ര സ്കെറർ പേട്ട സ്വദേശി പ്രമോദ് ശശിധരന്റെ പങ്കാളിയാണ്. യൂണൈറ്റഡ് ബാങ്ക് ഓഫ് സ്വിറ്റ്സർലൻഡിലെ ഉദ്യോ​ഗസ്ഥനാണ് പ്രമോദ്. സ്വിസ് വിഭവങ്ങൾക്കൊപ്പം കേരളത്തിന് പ്രിയവിഭവങ്ങളായ പുട്ടും അപ്പവുമെല്ലാം അലക്‌സാന്ദ്രയുടെ അടുക്കളയിലെ താരങ്ങളാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top