തിരുവനന്തപുരം
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് വെള്ളിയാഴ്ച തുടക്കമാകും. ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് രാജപ്പന്റെ കാർമികത്വത്തിൽ വൈകിട്ട് 4.30ന് പൊന്തിഫിക്കൽ ദിവ്യബലി നടക്കും. 6.30ന് ഇടവക വികാരി ഡോ. വൈ എം എഡിസൻ കൊടിയേറ്റും. പ്രധാന തിരുനാൾ ദിവസമായ 23ന് വൈകിട്ട് ആറിന് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം ആരംഭിക്കും.
വെട്ടുകാട് നിന്നാരംഭിച്ച് കണ്ണാന്തുറപള്ളി വഴി കൊച്ചുവേളി പള്ളിയിലെത്തിയശേഷം തിരികെ ദേവാലയത്തിലെത്തും. 24ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ മുഖ്യകാർമികനാകുന്ന ദിവ്യബലിയോടെ തിരുനാൾ സമാപിക്കും. തിരുനാളിന് സമാപനം കുറിച്ച് 29ന് വൈകിട്ട് 5.30ന് ഇടവക വികാരി ഡോ. വൈ എം എഡിസൻ കൊടിയിറക്കും. തിരുനാൾ ദിവസങ്ങളിൽ രാവിലെ ആറുമുതൽ വിവിധ സമയങ്ങളിലായി കുർബാനയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടാകും. 24ന് പകൽ 11.30ന് വെട്ടുകാട് സെന്റ് മേരീസ് എച്ച് എസ്‌എസിൽ തീർഥാടകർക്ക് സ്‌നേഹവിരുന്ന് സംഘടിപ്പിക്കും.
വെള്ളി രാത്രി 9.30ന് സാമൂഹ്യനാടകം - മൊഴി, 23ന് തച്ചൻ (ബൈബിൾ നാടകം), 24നും 29നും രാത്രി 10ന് ഗാനമേളയും ഉണ്ടാകും. ജില്ലയിലെ എല്ലാ ഡിപ്പോകളിൽനിന്നും കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. കൊച്ചുവേളി, പേട്ട സ്റ്റേഷനുകളിൽ ദീർഘദൂര ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കും.
ഇന്ന് പ്രാദേശിക അവധി
വെട്ടുകാട് പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അമ്പൂരി, വാഴിച്ചൽ. കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ എന്നീ വില്ലേജ് പരിധിയിലും അവധി ബാധകമാണ്. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..