22 December Sunday
ശിശുദിനാഘോഷം

വേദി കൈയിലെടുത്ത്‌ കുട്ടിനേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

ശിശുദിന ആഘോഷ ചടങ്ങിൽ ശിശുദിന സ്റ്റാമ്പ് വരച്ച വി തന്മയ, കുട്ടികളുടെ പ്രധാനമന്ത്രി ബഹിയാ ഫാത്തിമ, പ്രസിഡന്റ് അമാന ഫാത്തിമ, സ്പീക്കർ പി എ നിഥി, ആൻ എലിസബത്ത്, ആൽഫിയാ മനു എന്നിവർ മന്ത്രി വീണാ ജോർജുമായി സന്തോഷം പങ്കിടുന്നു. എംഎൽഎമാരായ വി ജോയി, വി കെ പ്രശാന്ത്, ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി എന്നിവർ സമീപം

തിരുവനന്തപുരം
വിദ്യാഭ്യാസം, പോഷണം, ആരോഗ്യം... അവകാശങ്ങളോരോന്നായി പറഞ്ഞ്‌ കുട്ടിനേതാക്കൾ. സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച സംസ്ഥാനതല ശിശുദിനാഘോഷവും റാലിയും നിയന്ത്രിച്ചത്‌ പെൺപട. 
ആയിരക്കണക്കിന്‌ കുട്ടികൾ റാലിയിൽ പങ്കെടുത്തു. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിനു മുന്നിൽനിന്ന്‌ ആരംഭിച്ച്‌ കനകക്കുന്നിൽ റാലി സമാപിച്ചു. കുട്ടികളുടെ നേതാക്കൾ തുറന്ന ജീപ്പിൽ റാലി നയിച്ചു. തുടർന്ന്‌ നിശാഗന്ധിയിൽ ശിശുദിനാഘോഷം കുട്ടികളുടെ പ്രധാനമന്ത്രിയായ കുളത്തൂപ്പുഴ ഗുഡ് ഷെഫേർഡ് സ്‌കൂളിലെ ബഹിയ ഫാത്തിമ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് നെടുമങ്ങാട് ഗവ. ഹയർ സെക്കൻഡറി ഫോർ ഗേൾസിലെ അമാന ഫാത്തിമ അധ്യക്ഷയായി. 
മുഖ്യമന്ത്രി പിണറായി വിജയന്റെ ശിശുദിന ആശംസ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി വേദിയിൽ വായിച്ചു. ഒരു നാടിന്റെ ഭാവി ഭദ്രമാകുന്നത് അടുത്ത തലമുറയെ അതിനുതകുന്ന രീതിയിൽ വാർത്തെടുക്കാൻ സാധിക്കുമ്പോഴാണെന്ന്‌ മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. ജാതി, മത, വർഗ ഭേദമന്യേ എല്ലാ കുഞ്ഞുങ്ങൾക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കണം. ആ ലക്ഷ്യം ഏറ്റെടുത്ത് പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്.
അങ്കണവാടിതലംമുതൽ സർക്കാർ വിവിധ ആരോഗ്യ പദ്ധതി നടപ്പാക്കുന്നു. ജനാധിപത്യബോധവും മതനിരപേക്ഷ മനസ്സുമുള്ള പൗരരായി കുട്ടികളെ വളർത്തുകയെന്ന ചുമതല സമൂഹത്തിനുണ്ടെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
ശിശുദിന സ്റ്റാമ്പ് മന്ത്രി വീണാ ജോർജ്‌ വി കെ പ്രശാന്ത്‌ എംഎൽഎയ്‌ക്ക്‌ കൈമാറി പ്രകാശിപ്പിച്ചു. തുടർന്ന് സ്റ്റാമ്പ് വരച്ച കണ്ണൂർ കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി വി തന്മയക്കും സ്‌കൂളിനും പുരസ്‌കാരം നൽകി. റാലിയിൽ മികച്ച പ്രകടനം നടത്തിയ സ്‌കൂളുകൾക്കും പുരസ്‌കാരം നൽകി. 
 കുട്ടികളുടെ സ്‌പീക്കർ വഴുതക്കാട്‌ കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പി എ നിധി, തൃശൂർ വൈലത്തൂർ എസ്എച്ച്സി എൽപിഎസിലെ വി എസ് ആൻ എലിസബത്ത്, വയനാട് ദ്വാരക എയുപി സ്‌കൂളിലെ ആൽഫിയ മനു എന്നിവരും സംസാരിച്ചു. മന്ത്രി വീണാ ജോർജ്‌, എംഎൽഎമാരായ വി ജോയി, വി കെ പ്രശാന്ത് എന്നിവരും പങ്കെടുത്തു.
ജില്ലയിൽ വിവിധ സ്കൂളുകളിലും സ്ഥാപനങ്ങളിലും ശിശുദിനമാഘോഷിച്ചു.കേരള സ്റ്റേറ്റ് ജവാഹർ ബാലഭവൻ മാനവീയം വീഥിയിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കുട്ടികൾ അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ട അവസ്ഥയുള്ളപ്പോൾ കേരളത്തിൽ ജനിക്കുന്ന ഓരോ കുഞ്ഞും മികവാർന്ന വിദ്യാഭ്യാസം നേടി മുന്നോട്ട് പോകുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാമെന്ന്‌ മന്ത്രി പറഞ്ഞു. 
നെഹ്റു സ്മൃതി സായാഹ്നവും ശിശുദിന റാലിയും നടന്നു. സംഘഗാനം, ചാച്ചാജി പ്രസംഗം, മോഹിനിയാട്ടം തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് മന്ത്രി ട്രോഫികൾ സമ്മാനിച്ചു. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. സിനിമ-, സീരിയൽ താരം ജോബി മുഖ്യാതിഥിയായി.കേരള സർവകലാശാല പാളയം ക്യാമ്പസിൽ ക്രഷെ മോണിറ്ററിങ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം വിദ്യാർഥി ശിവരൂ പാട്ടുപാടി ഉദ്ഘാടനം ചെയ്തു. കേരളസർവകലാശാല സിൻഡിക്കറ്റ് അംഗം ഡി എൻ അജയ് അധ്യക്ഷനായി. ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറിയും  സിൻഡിക്കറ്റ് അംഗവുമായ ജെ എസ്‌ ഷിജുഖാൻ ശിശുദിന സന്ദേശം നൽകി.  സിൻഡിക്കറ്റ് അംഗം ആർ രാജേഷ്‌, സർവകലാശാല അസി. രജിസ്ട്രാർ എൽ പി രാജീവ്, ക്രഷെ മോണിറ്ററിങ്‌ കമ്മിറ്റിയംഗം പി ബി സുമ തുടങ്ങിയവരും സംസാരിച്ചു.
കേരള സെക്രട്ടറിയറ്റ് വിമൺ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ മക്കൾക്കായി നടത്തുന്ന ക്രഷെയിലെ കുട്ടികളും അധ്യാപകരും കമ്മിറ്റിയംഗങ്ങളും ശിശുദിനത്തോടനുബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെ സന്ദർശിച്ചു. പാട്ടുപാടിയും ചിരിച്ചും കളിച്ചുമാണ് കുഞ്ഞുങ്ങൾ ഓഫീസിലെത്തി സമയം ചെലവഴിച്ചത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top