16 October Wednesday
ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം ഇന്ന്‌ സമാപിക്കും

വായനയുടെ വസന്തത്തിന്‌ 
വിലക്കുറവിന്റെ മേള

സ്വന്തം ലേഖികUpdated: Wednesday Oct 16, 2024

ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽനിന്ന്

തിരുവനന്തപുരം 
ഒരേയിടത്തിൽ പതിനായിരക്കണക്കിന്‌ പുസ്തകങ്ങൾ ഒരുമിച്ച്‌ കാണുന്നതിന്റെ ആശ്ചര്യമുള്ളവർ.. 
പുസ്തകങ്ങൾ ആർത്തിയോടെ തപ്പിപിടിക്കുന്നവർ.. ഇഷ്ടപ്പെട്ടവ സ്വന്തമാക്കുന്നവർ.. സ്റ്റാളുകളിൽനിന്ന് സ്റ്റാളുകളിലേക്കും വേദികളിലേക്കും മെല്ലെ നീങ്ങുന്നവർ...  
സെൻട്രൽ സ്റ്റേഡിയത്തിൽ തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവം സമാപനത്തിലേക്ക്‌ എത്തുമ്പോൾ കുട്ടികളും മുതിർന്നവരും തിരക്കിലാണ്‌. എഴുപതോളം പ്രസാധകർ 180ൽപ്പരം സ്റ്റാളുകളിലാണ്‌ പുസ്തകശേഖരം ഒരുക്കിയത്‌. നിരവധി സമാന്തര പുസ്‌തകപ്രസാധകശാലകളെ അറിയാനും പുസ്‌തകങ്ങൾ പരിചയപ്പെടാനുമുള്ള ജനകീയ മേള  കൂടിയാണിത്.
ബാലസാഹിത്യം, കഥാപുസ്തകങ്ങൾ, ചരിത്ര ഗ്രന്ഥങ്ങൾ, സാഹിത്യ രചനകൾ, രാഷ്‌ട്രീയ ഗ്രന്ഥങ്ങൾ, നോവലുകൾ, വിവർത്തനങ്ങൾ, യാത്രാവിവരണങ്ങൾ, ഗവേഷണ ഗ്രന്ഥങ്ങൾ തുടങ്ങിയവയാണ് ഏറെയും വിറ്റുപോകുന്നതെന്ന് പ്രസാധകർ പറയുന്നു. ഇംഗ്ലീഷ്‌ ബാലസാഹിത്യ കൃതികളും നോവലുകളും കഥകളും മേളയിലുണ്ട്‌. ഗ്രന്ഥശാലകൾക്ക്‌ 35 ശതമാനവും വ്യക്തികൾക്ക്‌ 25 ശതമാനവും വിലക്കുറവുണ്ട്‌.
"കുട്ടികളും മുതിർന്നവരുമായി നൂറുകണക്കിന്‌ പേരാണ്‌ ദിവസവും എത്തുന്നത്‌. മൂന്ന്‌ ദിവസം കൊണ്ട്‌ ഒരുകോടിയിലധികം രൂപയുടെ പുസ്തകങ്ങൾ വിറ്റു. പുസ്തകങ്ങളുടെ റിവ്യൂ കണ്ട്‌ തേടി എത്തുന്നവർ കൂടുതലാണ്‌. വായന ശാശ്വതമായി നിലനിൽക്കുമെന്ന്‌ ആവർത്തിച്ച്‌ ഓർമിപ്പിക്കുകയാണ്‌ ഈ മേള'–- ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ബി പി മുരളി പറയുന്നു. കലാ–സാംസ്കാരിക–-രാഷ്‌ട്രീയ–- സാഹിത്യ രംഗത്തെ പ്രമുഖരെ നേരിൽ കാണാനും അവരുമായി ആശയ വിനിമയം നടത്താനും അവസരവുമൊരുക്കുന്നുണ്ട്‌. പുസ്തക പ്രകാശനങ്ങൾ, കവിയരങ്ങ്, സെമിനാറുകൾ, സാംസ്കാരിക സദസ്സുകൾ, എന്നിവയും പുസ്‌തകോത്സവത്തോടനുബന്ധിച്ച്‌ നടക്കുന്നുണ്ട്‌. രാവിലെ 10 മുതൽ വൈകിട്ട്‌ ഏഴ്‌ വരെ നടക്കുന്ന മേള ബുധനാഴ്‌ച സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top