തിരുവനന്തപുരം
സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിനുള്ള കേരള ടീമിൽ തലസ്ഥാനത്തുനിന്ന് മൂന്ന് താരങ്ങൾ. സന്തോഷ് ട്രോഫി കേരള ടീം മുൻ ക്യാപ്റ്റനും പൂവാർ സ്വദേശിയുമായ നിജോ ഗിൽബെർട്ട്, സന്തോഷ് ട്രോഫിയിലും ദേശീയ ഗെയിംസിലുമായി കേരളത്തിനായി കളിച്ച എം മനോജ്, ദേശീയ ഗെയിംസ് മെഡൽ ജേതാവും കോവളം എഫ്സിയിലെ താരവുമായ ടി ഷിജിൻ എന്നിവരാണ് തലസ്ഥാനത്തിന്റെ താരങ്ങൾ. മനോജും ഷിജിനും പൂവാർ സ്വദേശികളാണ്.
മുൻ സന്തോഷ് ട്രോഫി മത്സരങ്ങളിലെ പരിചയസമ്പത്തുമായാണ് 25കാരനായ നിജോ ഇത്തവണയും ബൂട്ടണിയുന്നത്. 11–--ാം വയസ്സിലാണ് നിജോ പന്ത് തട്ടിത്തുടങ്ങുന്നത്. എസ്ബിഎഫ്എ
അക്കാദമിയിലാണ് പരിശീലനം തുടങ്ങിയത്. സൂപ്പർ ലീഗ് കേരളയിൽ കൊച്ചി എഫ്സിയുടെ സൂപ്പർ താരമായിരുന്നു.
സൂപ്പർ ലീഗ് കേരളയുടെ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് കലിക്കറ്റ് എഫ്സിയിലെ സൂപ്പർ താരമായിരുന്ന മനോജ് ബൂട്ടണിയുന്നത്. കേരള ഫുട്ബോൾ അസോസിയേഷന്റെ (കെഎഫ്എ) 2022–-23 സീസണിലെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള പുരസ്‌കാരം മനോജിനായിരുന്നു. 2022ൽ ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളം റണ്ണറപ്പായപ്പോൾ ടീമിന്റെ കരുത്തായിരുന്നു മനോജ്. 2023ൽ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലും മനോജ് കേരളത്തിനായി കളിച്ചു. 2020-–-21 സീസണിൽ ഗോകുലം കേരള ടീമിലേക്കെത്തിയ മനോജ് ആ വർഷം കേരള പ്രീമിയർലീഗ് കിരീടം നേടി. തിരുവനന്തപുരം ആസ്ഥാനമായ യുണൈറ്റഡ് എഫ്സിയിലൂടെയാണ് തുടക്കം. ഒരുവർഷം എസ്ബിഐ ടീമിൽ കളിച്ചു. ഡിഗ്രി പഠനകാലത്ത് നാഗർകോവിലിലെ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിനും പിജി പഠനത്തിനിടെ ചെന്നൈ വെൽസ് സർവകലാശാലയ്ക്കായും കളിച്ചു. ചെന്നൈയിൽ ഇൻകം ടാക്സ് ജീവനക്കാരനാണ്. ഗോകുലം എഫ്സിയിലെ സൂപ്പർതാരമായ ടി ഷിജിന്റെ കന്നി സന്തോഷ് ട്രോഫി മത്സരമാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..