17 September Tuesday
അഭിമന്യു എൻഡോവ്‌മെന്റ്‌

വ്യാജവാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും: മാനവീയം സ്ട്രീറ്റ് ലൈബ്രറി

സ്വന്തം ലേഖകൻUpdated: Saturday Aug 17, 2024
തിരുവനന്തപുരം 
മാനവീയം തെരുവിടം കൾച്ചർ കലക്ടീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറി രക്തസാക്ഷി അഭിമന്യുവിന്റെ പേരിൽ ഏർപ്പെടുത്തിയ വിദ്യാഭ്യാസ എൻഡോവ്മെന്റിനെക്കുറിച്ച്‌ വ്യാജവാർത്ത സൃഷ്ടിച്ച മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ ഭാരവാഹികൾ.
     വർഗീയതയ്‌ക്കെതിരെ പോരാടി രക്തസാക്ഷിയായ അഭിമന്യുവിന്റെ സ്‌മരണ നിലനിർത്താനാണ്‌ അദ്ദേഹം പഠിച്ച സ്‌കൂളിലെ രണ്ട്‌ വിദ്യാർഥികൾക്ക്‌ വർഷംതോറും വിദ്യാഭ്യാസ പുരസ്‌കാരം നൽകാൻ തീരുമാനിച്ചതെന്ന്‌ പ്രസിഡന്റ് വിനോദ് വൈശാഖിയും സെക്രട്ടറി കെ ജി സൂരജും പറഞ്ഞു. ഇതിനുവേണ്ടി സമാഹരിച്ച മൂന്നര ലക്ഷംരൂപ കേരള ബാങ്ക് ഹെഡ് ഓഫീസ് ബ്രാഞ്ചിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇതിന്റെ പലിശ ഉപയോഗിച്ച്‌ എൻഡോവ്‌മെന്റ്‌ നൽകാനാണ്‌ തീരുമാനം. 
     രജിസ്റ്റർ ചെയ്‌ത്‌ പ്രവർത്തിക്കുന്ന സംഘടനയാണ്‌ മാനവീയം തെരുവിടം കൾച്ചർ കലക്ടീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറി. ഇതിന്‌ പുരോഗമന കലാസാഹിത്യസംഘവുമായോ ഏതെങ്കിലും രാഷ്‌ട്രീയ പാർടിയുമായോ ബന്ധമില്ല. വിവിധ രാഷ്‌ട്രീയ നിലപാടുകളുള്ള സാംസ്‌കാരിക പ്രവർത്തകരാണ്‌ കൂട്ടായ്‌മയിലുള്ളത്‌.
    സംഭാവന നൽകിയവരുടെ വിവരങ്ങളും ബാങ്കിൽ നിക്ഷേപിച്ചതിന്റെ രേഖകളും എല്ലാവർക്കും പരിശോധിക്കാവുന്നതായിട്ടും അന്വേഷിക്കാതെ വാർത്ത നൽകിയത്‌ സാംസ്‌കാരിക കൂട്ടായ്‌മയെ അപകീർത്തിപ്പെടുത്താനാണെന്നും ഇരുവരും പറഞ്ഞു. എൻഡോവ്‌മെന്റ്‌ സമിതി കൺവീനർ ശോഭന വി പി ജോർജ്‌, എക്‌സിക്യൂട്ടീവ്‌ അംഗം അഡ്വ. അരുൺ ഗോപൻ വട്ടപ്പാറ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.  
 
അടുത്തമാസം വിതരണം ചെയ്യും 
മാനവീയം തെരുവിടം കൾച്ചർ കലക്ടീവ്‌ മാനവീയം സ്‌ട്രീറ്റ്‌ ലൈബ്രറി രക്തസാക്ഷി അഭിമന്യുവിന്റെ പേരിൽ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ്‌ സെപ്‌തംബർ ആദ്യവാരം വിതരണംചെയ്യും. അഭിമന്യു പഠിച്ച വട്ടവട സ്‌കൂളിൽ പ്ലസ്‌ടുവിന്‌ ഉയർന്ന മാർക്ക്‌ നേടുന്ന ജനറൽ, എസ്‌‌സി, എസ്‌ടി വിഭാഗങ്ങളിലെ രണ്ട്‌ വിദ്യാർഥികൾക്കാണ്‌ 10,000 രൂപയുടെ അവാർഡ്‌  നൽകുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top