22 November Friday

ക്രിമിനൽ കേസ്‌ പ്രതിയെ വെട്ടിക്കൊന്നു

സ്വന്തം ലേഖകൻUpdated: Saturday Aug 17, 2024
ചാല 
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തി. പൂന്തുറ സ്റ്റേഷനിലടക്കം ഗുണ്ടാ പട്ടികയിലുള്ള ഷിബിലി (38) ആണ് കൊല്ലപ്പെട്ടത്.
പ്രതികളെന്ന് കരുതുന്ന സഹോദരങ്ങൾ ഒളിവിലാണ്. മോഷണ കേസും അടിപിടിക്കേസുമടക്കം മുപ്പതിലധികം കേസുകളിലെ പ്രതിയാണ് ഷിബിലി. പൂന്തുറ സ്റ്റേഷനിലെ റൗഡി പട്ടികയിലുൾപ്പെട്ട ഷിബിലിയുമായി പ്രദേശവാസികളും മുൻ സുഹൃത്തുക്കളുമായിരുന്ന ഇനാദും സഹോദരൻ ഹിജാസും രാത്രി ഒമ്പതിന്‌ ബീമാപ്പള്ളിയിൽ ഏറ്റുമുട്ടിയിരുന്നു. അതിനുശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നതെന്ന്‌ പൊലീസ് പറയുന്നു. രാത്രി പതിനൊന്നരയോടെ വീട്ടിലേക്കുള്ള വഴിയരികിലാണ് മൃതദേഹം കണ്ടെത്തിയത്. ഹിജാസ്, സഹോദരൻ ഇനാദ് എന്നിവർ ഒളിവിലാണ്. പ്രതികൾ ലഹരിക്കടിമകളാണെന്ന് പൊലീസ് പറയുന്നു. 
രക്ഷപ്പെട്ട പ്രതികൾ വിഴിഞ്ഞത്തെത്തി ഒരാളോട് കൊലപാതകം നടത്തിയ കാര്യം പറഞ്ഞതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്‌. 
കഴിഞ്ഞ മാസവും ഒരു അടിപിടിക്കേസിൽ റിമാൻഡ് ചെയ്യപ്പെട്ട ഷിബിലി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കൊലപാതകത്തിലേക്ക് നീങ്ങിയ പ്രകോപനം എന്താണെന്ന് അന്വേഷിച്ച്‌ വരികയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.
 
ഷിബിലി പൊലീസിന്‌ 
തലവേദന സൃഷ്ടിച്ച മോഷ്ടാവ്‌
തിരുവനന്തപുരം 
കിഴക്കേകോട്ട മുതൽ പൂവാർവരെയുള്ള സ്ഥലങ്ങളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ ആളാണ്‌ കൊല്ലപ്പെട്ട ഷിബിലി. ചെറുപ്രായത്തിൽ വീടുകയറി മോഷണം ശീലമാക്കിയ ഇയാൾ 2007–-08 കാലഘട്ടത്തിലാണ്‌ ആദ്യം പിടിയിലായത്‌. 
ആദ്യത്തെ അറസ്‌റ്റിൽത്തന്നെ ഫോർട്ട്, പൂന്തുറ, തിരുവല്ലം, വിഴിഞ്ഞം, പൂവാർ, കോവളം സ്റ്റേഷനുകളിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട 60  ഭവനഭേദനങ്ങളും മോഷണങ്ങളും ഇയാളാണ്‌ ചെയ്‌തതെന്ന്‌ തെളിയിക്കപ്പെട്ടു. കല്യാണവീട്ടിൽനിന്നുൾപ്പെടെ സ്വർണം മോഷ്ടിച്ച്‌  വിൽക്കുമായിരുന്നു. മയക്കുമരുന്ന്‌ വാങ്ങുന്നതിനാണ്‌ മോഷണം നടത്തുന്നതെന്നാണ്‌ ഇയാൾ പൊലീസിനോട്‌ പറഞ്ഞിട്ടുള്ളത്‌. 
സിസിടിവി വ്യാപകമായതോടെ മോഷണം മതിയാക്കി ഗുണ്ടാപ്രവർത്തനത്തിലേക്ക്‌ തിരിയുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top