28 December Saturday

പൂവച്ചൽ ഖാദറിന് സ്മാരകമായി പാർക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

പൂവച്ചൽ ഖാദർ സ്മാരക പാർക്കിന്റെ നിർമാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു

കാട്ടാക്കട
പൂവച്ചൽ ഖാദറിന്‌ സ്മാരകമായി ജന്മനാട്ടിൽ പാർക്ക് ഒരുങ്ങുന്നു. നക്രാംചിറ പൊതുകുളത്തിന് സമീപമാണ്‌ പാർക്ക്‌   നിർമിക്കുന്നത്‌. മന്ത്രി സജി ചെറിയാൻ നിർമാണോദ്ഘാടനം നിർവഹിച്ചു. പൂവച്ചൽ ഖാദറിന്‌ നാം നൽകുന്ന വലിയൊരു ആദരവാണ് ഇതെന്ന് മന്ത്രി പറഞ്ഞു. ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായി. അടൂർ പ്രകാശ് എംപി മുഖ്യാതിഥിയായി.  
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്‌ ഇന്ദുലേഖ, പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി സനൽകുമാർ, ജില്ലാ പഞ്ചായത്തംഗം വി രാധിക, പൂവച്ചൽ ഖാദറിന്റെ കുടുംബാംഗങ്ങൾ എന്നിവരും പങ്കെടുത്തു. 
പൊതുജനങ്ങളുടെയും കലാ സാംസ്‌കാരിക പ്രവർത്തകരുടെയും ആവശ്യത്തെ തുടർന്നാണ് പാർക്ക് നിർമിക്കുന്നത്. സാംസ്‌കാരികവകുപ്പിൽനിന്നും 50 ലക്ഷം രൂപയും പൂവച്ചൽ പഞ്ചായത്തിന്റെ വിഹിതമായ 35 ലക്ഷം രൂപയും ചേർത്ത് 85 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിലുള്ളത്. 
കുളത്തിനോട് ചേർന്ന്‌ രണ്ട് നിര നടപ്പാതകളുടെ ഇന്റർലോക്കിങ്, ചുറ്റുമതിൽ, കുളത്തിന് ചുറ്റും ഹാൻഡ്റെയിൽ, പ്രവേശന ഗോപുരം എന്നിവയാണ് ആദ്യഘട്ടത്തിൽ. 
രണ്ടാംഘട്ടത്തിൽ സാംസ്‌കാരിക നിലയം, പൂന്തോട്ടം, ഓപ്പൺ ജിം, ഓപ്പൺ ഓഡിറ്റോറിയം, ചിൽഡ്രൻസ് പാർക്ക്, വിളക്കുകൾ ഘടിപ്പിച്ച വാട്ടർ ഫൗണ്ടൻ എന്നിവ ഉൾപ്പെടും. 
പാർക്കിലെത്തുന്നവർക്ക് പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ ആസ്വദിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. വിവിധ സ്ഥലങ്ങളിൽ ഇരിപ്പിടങ്ങൾ, ടോയ്‌ലറ്റുകൾ, സെൽഫി കോർണറുകൾ എന്നിവയുമുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top