തിരുവനന്തപുരം
ഐടി സംരംഭകരായ സ്ത്രീകൾക്ക് തൊഴിലിടമൊരുക്കുന്ന പദ്ധതിയിൽ കോർപറേഷനൊപ്പം ചേരാൻ കുടുംബശ്രീ.
തമ്പാനൂർ ഓവർബ്രിഡ്ജിന് സമീപത്തുള്ള കോർപറേഷൻ കെട്ടിടത്തിൽ നിർമിച്ച ഷീ ഹബ്ബാണ് കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് സംവിധാനത്തിൽ സഹകരിക്കാൻ ഒരുങ്ങുന്നത്. വർക്ക് നിയർ ഹോം മാതൃകയിലാണ് ഷീ ഹബ് എന്ന കോ വർക്കിങ് സ്പേസ് കോർപറേഷൻ യാഥാർഥ്യമാക്കിയത്.
കോർപറേറ്റ് ഓഫീസുകളുടെ മിനിയേച്ചർ രൂപമാണ് ഷീ ഹബ്ബിന്. വെയ്‌റ്റിങ് -ലിവിങ് ഏരിയ, ക്യുബിക്കിളായി തിരിച്ച തൊഴിലിടം, പ്രോജക്ട് റിപ്പോർട്ടുകളും പ്രസന്റേഷനുകളും അവതരിപ്പിക്കാൻ എൽഇഡി പ്രൊജക്ടർ സഹിതമുള്ള ഹാൾ, കഫറ്റീരിയ, ടോയ്‌ലറ്റ് സൗകര്യങ്ങളുണ്ട്.
30 പേർക്ക് ഒരുമിച്ച് ഉപയോഗിക്കാവുന്നവിധം വൈ ഫൈ കണക്ഷൻ സഹിതം കംപ്യൂട്ടർ ക്രമീകരിച്ചിട്ടുണ്ട്.
ഐടി പ്രാവീണ്യമുള്ള വനിതാ സംരംഭകയ്ക്കാണ് നടത്തിപ്പ് ചുമതല. ഫ്രീലാൻസ് ആയി ജോലിചെയ്യുന്നവർക്കും ഷീ ഹബ് പ്രയോജനപ്പെടുത്താം.
നഗരത്തിലെത്തുന്നവർക്ക് തൊഴിൽപങ്കാളിയുമായുള്ള മീറ്റിങ്ങിനുള്ള സ്ഥലമായും ഉപയോഗപ്പെടുത്താം. നടത്തിപ്പ് ഏറ്റെടുക്കുന്നവർക്ക് മറ്റുള്ളവരിൽനിന്ന് പ്രവർത്തനചെലവ് ഈടാക്കാം.
വൈദ്യുതി, വെള്ളം, ശുചീകരണം എന്നിവയുടെ ചെലവുകൾ സംരംഭകരാണ് വഹിക്കേണ്ടത്. തൊഴിലിടത്തിന് പുറമെ വിദ്യാർഥികളുടെ അക്കാദമിക പ്രവർത്തനങ്ങൾക്കും ഇവിടം ഉപയോഗപ്പെടുത്താം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..