വിതുര
ആറാംകല്ലിൽ നിര്‍ത്തിയിട്ടിരുന്ന കാറിനുമുകളില്‍ ആൽമരംവീണുണ്ടായ അപകടത്തില്‍ മരിച്ച ഒ മോളിക്ക് നാട് വിടനല്‍കി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബുധന്‍ പകല്‍ രണ്ടിന് മൃതദേഹം മാങ്കാട് കിഴക്കുംകര റോഡരികത്തുവീട്ടിൽ എത്തിച്ചു. ഭർത്താവ് സതീശൻ ബുധന്‍ പകലാണ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജി സ്റ്റീഫൻ എംഎൽഎ ഉള്‍പ്പെടെ നാടൊന്നാകെ വീട്ടിലെത്തി. പകൽ മൂന്നിനായിരുന്നു സംസ്കാരം.
തിരുവനന്തപുരത്തെ ബ്യൂട്ടിപാർലറിലെ ജീവനക്കാരിയാണ് മോളി. ജോലികഴിഞ്ഞശേഷം ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. ആൽച്ചുവട്ടിൽ വാഹനം നിര്‍ത്തിയിട്ടശേഷം വാഹനം ഓടിച്ച ബന്ധു കടയിൽ സാധനം വാങ്ങാൻ പോയി. തിരികെ വരുന്നതിനിടയിലുണ്ടായ 10 മിനിറ്റില്‍ പൊടുന്നനെ കാറ്റും മഴയുമുണ്ടായി. കാറിനു സമീപത്തായി നിന്നിരുന്ന ആൽമരം കടപുഴകി കാറിനു മുകളിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും വളരെവേഗം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മോളി മരിച്ചു.
ഞെട്ടൽ മാറാതെ നാട്ടുകാർ
കരകുളം
ആറാംകല്ലിൽ ആൽമരം കടപുഴകി വീണ് കാർ യാത്രക്കാരി മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. മരം മറിയുമെന്ന് വിചാരിച്ചിട്ടില്ലെന്ന് ആ ആൽമരച്ചുവട്ടിൽ സ്ഥിരമായിരിക്കുന്ന സുനിൽകുമാർ പറയുന്നു.
പുറമെ കേടില്ലാത്ത പൂർണബലമുള്ള മരമായിരുന്നു. മരത്തിന്റെ വേരുകൾ ഉൾപ്പെടെ അടിഭാഗം കേടുവന്നതാണ് മരം മറിയാൻ കാരണം.
കടപുഴകിയത്
സ്വപ്നങ്ങൾക്കുമേൽ
വിതുര
മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകണമെന്നത് മോളിയുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം സാക്ഷാൽക്കരിക്കാനാണ് മോളി ബ്യൂട്ടിപാർലറില്‍ ജോലിക്ക് പോയത്. മൂത്തമകൻ അഭിരാം ഫയർ ആൻഡ് സേഫ്റ്റി വിദ്യാർഥിയാണ്. ഇളയ മകൻ അദ്വൈത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിതുരയിൽ പത്താം ക്ലാസ് വിദ്യാർഥിയും. ഭർത്താവ് സതീശൻ കൂലിപ്പണിക്കാരനായിരുന്നു. അടുത്തകാലത്താണ് ഗൾഫിലേക്ക് പോയത്.
കിടപ്പുരോഗിയായ അമ്മയുടെ ചികിത്സച്ചെലവും കണ്ടെത്തിയിരുന്നത് ബ്യൂട്ടിപാര്‍ലറിലെ വരുമാനത്തില്‍നിന്നായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..