22 December Sunday

സൂക്ഷിക്കണേ... ഇവിടെ കുഴിയുണ്ടേ...

സ്വന്തം ലേഖികUpdated: Sunday Aug 18, 2024

മണക്കാട് എംഎൽഎ റോഡിൽ ഇടിഞ്ഞു താഴ്ന്ന കലുങ്ക്

തിരുവനന്തപുരം
"അപകടം നടക്കാത്ത ദിവസങ്ങളില്ല ഇവിടെ. മിക്കവാറും ഇരുചക്രവാഹനങ്ങളിൽ എത്തുന്നവരാണ് ഈ കുഴിയിൽ വീഴുന്നത്. മണക്കാട് ബലവാൻ നഗർ എംഎൽഎ റോഡിന്റെ കരിയിൽതോട് കൾവർട്ട് ഇടിഞ്ഞുതാഴ്ന്നത് ചൂണ്ടിക്കാട്ടി പ്രദേശവാസി ശശികുമാർ പറഞ്ഞുതുടങ്ങി...റോഡിന്റെ അവസ്ഥ അറിയാവുന്ന സ്ഥിരയാത്രക്കാർക്ക് പ്രശ്നമില്ല. ആറുമാസത്തിലധികമായി റോഡിങ്ങിനെ ഇടിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട്. പാലത്തിന്റെ രണ്ടുവശങ്ങളിലും മുന്നറിയിപ്പ് ബോർഡ് വച്ചിട്ടുണ്ടെങ്കിലും വേ​ഗത്തിൽ വരുന്ന വണ്ടികളൊന്നും ഇത് ശ്രദ്ധിക്കാറില്ലെന്നും ശശികുമാർ പറഞ്ഞു. 
ബലവാൻ നഗർ എംഎൽഎ റോഡ് അവസാനിച്ച് ബൈപാസിലേക്ക് കയറുന്ന ഭാ​ഗത്തെ കൾവർട്ടിന്റെ ഒരുവശം ഇടിഞ്ഞുതാഴ്ന്നിട്ട് ആറുമാസമായി. ഫെബ്രുവരിയിൽ തോട്ടിലെ ഒഴുക്ക് തടസ്സപ്പെടുത്തിയിരുന്ന കാലപ്പഴക്കം ചെന്ന കുഴലുകൾ നീക്കം ചെയ്യുന്നതിന്‌ ഇടയിലാണ് കൾവർട്ട് ഇടിഞ്ഞത്. ഇറി​ഗേഷൻ വിഭാ​ഗം നിർമാണ പ്രവൃത്തികൾ താൽക്കാലികമായി അവസാനിപ്പിച്ചെങ്കിലും ബസടക്കമുള്ള ഭാരവാഹനങ്ങൾ കടന്നുപോകുന്നതിനാൽ കൾവർട്ട് ഇടിഞ്ഞതിന്റെ വ്യാപ്തി കൂടി. റോഡ് ഇടിയാൻ സാധ്യതയുണ്ടെന്ന വിഷയം സിപിഐ എം കമലേശ്വരം ലോക്കൽ കമ്മിറ്റി ഉദ്യോ​ഗസ്ഥരെ അറിയിച്ചിരുന്നു. കൂടാതെ എംഎൽഎയും മന്ത്രിയുമായ വി ശിവൻകുട്ടിയെ നേരിൽക്കണ്ട് നിവേദനവും സമർപ്പിച്ചു. തുടർന്ന് എംഎൽഎ ഫണ്ടിൽനിന്ന് കൾ‌വർട്ട് നവീകരണത്തിന് 24 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ ടെൻഡർ നടപടികളിൽ ഉണ്ടായ താമസം കൾവർട്ട് നിർമാണത്തെ മെല്ലെയാക്കി.
പുതിയ കൾവർട്ട് നിർമിക്കും
കരിയിൽതോട് കൾവർട്ട് റോഡ് നിരപ്പിൽനിന്ന് രണ്ടടി ഉയർത്തി പുതിയത് നിർമിക്കാനുള്ള കരാർ ആയിട്ടുണ്ടെന്ന് കൗൺസിലർ വി വിജയകുമാരി പറഞ്ഞു. എംഎൽഎ ഫണ്ടിൽ നിന്നുള്ള തുകയ്ക്കാണ് കൾവർട്ട് നിർമാണം. അടുത്ത ആഴ്ച നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും. നിലവിലുള്ള കൾവർട്ട് തോടിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതിനും അമ്പലത്തറ, കിളിപ്പാൻകുളം മേഖലയിലെ വെള്ളക്കെട്ടിനും കാരണമാകുന്നുണ്ട്. പുതിയ പാലം വരുന്നതോടെ വെള്ളക്കെട്ടിന് പരി​ഹാരമാകുമെന്ന് വിജയകുമാരി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top