ചിറയിൻകീഴ്
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് എണ്ണക്കിടങ്ങ് വലിയ പള്ളിക്കു സമീപം ബെനഡിക്ട് (49) നെയാണ് കാണാതായത്. മീൻപിടിച്ച് മടങ്ങവെ അഴിമുഖത്തെ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ സിന്ധുയാത്ര മാതാ എന്ന വള്ളമാണ് ശനി രാവിലെ 6.20ന് അപകടത്തിൽപ്പെട്ടത്. അഞ്ചുതെങ്ങ് സ്വദേശികളായ അന്തോണീസ്, സഹായരാജ്, ലൂയിസ് എന്നിവരും വള്ളത്തിലുണ്ടായിരുന്നു.
അപകട സമയം ഇവർ നാലുപേരും വെള്ളത്തിലേക്ക് തെറിച്ചു വീണു. അന്തോണീസ്, ലൂയിസ് എന്നിവരെ കോസ്റ്റൽ പൊലീസും ഫിഷറീസ് രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി. ബെനഡിക്ട്, സഹായരാജ് എന്നിവരെ കാണാതായെങ്കിലും സഹായരാജ് കടലിലുണ്ടായിരുന്ന മറ്റൊരു വള്ളത്തിലേക്ക് നീന്തിക്കയറുകയായിരുന്നു.
ബെനഡിക്ടിനായി ഉടൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കോസ്റ്റ് ഗാർഡിന്റെ കപ്പലും വിഴിഞ്ഞത്തുനിന്ന് മറൈൻ എൻഫോഴ്സ്‌മെന്റിന്റെ ആംബുലൻസ് ബോട്ടുംഎത്തിച്ച് തിരച്ചിൽ വൈകിയും തുടരുകയാണ്. നേവിയുടെ ഹെലികോപ്ടറും മുതലപ്പൊഴിയിലെത്തി തിരച്ചിൽ നടത്തി. കൂടുതൽ ഊർജിതമാക്കുന്നതിനായി നാവിക സേനയുടെ മുങ്ങൽ വിദഗ്‌ധരുടെ സഹായവും തേടിയിട്ടുണ്ട്.
ഇവർ ഞായർ രാവിലെ മുതലപ്പൊഴിയിലെത്തും. ജൂണിൽ മറ്റൊരു വള്ളം സമാനമായ രീതിയിൽ അപകടത്തിൽപ്പെട്ട് അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി വിക്‌ടർ തോമസ് മരിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..