കോവളം
അമ്മയും ഒമ്പതുമാസമുള്ള കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി യുവതിയുടെ വെങ്ങാനൂരിലെ വീട് സന്ദർശിച്ചു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് വനിത കമീഷൻ അധ്യക്ഷ അച്ഛനമ്മമാര്‍ക്ക് ഉറപ്പു നൽകി. വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി, കമ്മിഷൻ അംഗം ഇന്ദിരാ രവീന്ദ്രൻ എന്നിവർ കുടുംബാംഗങ്ങളോട് വിവരങ്ങൾ ആരാഞ്ഞു. മഹിളാ അസോസിയേഷൻ കോവളം ഏരിയ സെക്രട്ടറി എം ശ്രീകുമാരി, വനിതാ കമീഷൻ സിഐ ജോസ് കുര്യൻ, സിപിഒ ജയന്തി എന്നിവരും ഒപ്പമുണ്ടായിരുന്നു. കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറൽ എസ്‌പിയോട് റിപ്പോർട്ട് തേടി. വെങ്ങാനൂർ പൂങ്കുളം നെട്ടറത്തല ചരുവിള രഞ്ജു ഭവനിൽ പ്രമോദിന്റെയും ഷൈലജയുടെയുടെയും മകൾ അഞ്ജു (23)വിനെയും മകൻ ഡേവിഡിനെയും (ഒൻപത് മാസം) കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് പുത്തൻ തോപ്പ് റോജ ഡെയിലിൽ ഭർത്താവായ രാജു ജോസഫിന്റെ വീട്ടിലെ ശുചിമുറിയിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടത്. അഞ്ജു സംഭവസ്ഥലത്തും മകൻ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..