ജനസംഖ്യാടിസ്ഥാനത്തിൽ രാജ്യത്ത് നൂറ്റിമൂന്നാമതാണ് തിരുവനന്തപുരം നഗരം. രാജ്യത്തെ പല വലിയ നഗരങ്ങൾക്കുമൊപ്പം. ഇത്രയേറെ ജനങ്ങള്‍ താമസിക്കുന്ന തലസ്ഥാന നഗരിയെ മാലിന്യമുക്തമാക്കാന്‍ കോർപറേഷനും വിവിധ സർക്കാർ സംവിധാനങ്ങളും സഹകരിച്ച് പ്രവർത്തിക്കുന്നു. പൂർണമായ മാലിന്യമുക്തിക്ക് എല്ലാ വിഭാഗങ്ങളുടെയും സഹകരണവും ആവശ്യമാണ്.
നഗരത്തില്‍ പത്തോളം തോടും കനാലുമുണ്ട്. പൂർണമായും മാലിന്യമുക്തമാക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കുമ്പോഴും ചില തെറ്റായ പ്രവണതകൾ ഇവയെ മാലിന്യവാഹികളാകുന്നതിന് കാരണമാകുന്നുവെന്നത് യാഥാർഥ്യമാണ്. മഴക്കാലപൂർവ ശുചീകരണം ഉൾപ്പെടെ കോർപറേഷനും ജനപ്രതിനിധികളും ഏറ്റെടുത്തതും നടപ്പാക്കിയതും നിരവധി പ്രവർത്തനങ്ങളാണ്.
ഉള്ളൂർ തോടിന് 9 കോടി
സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ഒമ്പത് കോടിയുടെ നവീകരണപ്രവർത്തനങ്ങളാണ് ഉള്ളൂർ തോട്ടിൽ നടക്കുന്നത്. കേരളാദിത്യപുരത്തുനിന്ന് പാറ്റൂർവരെ 8.78 കിലോമീറ്ററാണ് ഉള്ളൂർ തോടിന്റെ നീളം.
പാറ്റൂരിൽവച്ച് ഇത് പട്ടം തോടുമായും തുടർന്ന് ആമയിഴഞ്ചാൻ തോടുമായും കൂടിച്ചേരും. ഇതിൽ ഉള്ളൂർ ക്രഡൻസ് ആശുപത്രിമുതൽ കണ്ണമൂലവരെയുള്ള ഭാഗമാണ് ഇപ്പോൾ നവീകരിക്കുന്നത്. തോട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും ചെളിയും നീക്കം ചെയ്യുക, ആവശ്യമായ ഇടങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കുക, സംരക്ഷണഭിത്തിക്ക് ഉയരം കൂട്ടുക, കോൺക്രീറ്റ് ലൈനിങ് നൽകുക, പാരപ്പറ്റ് കെട്ടുക, തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിന് വേലി സ്ഥാപിക്കുക തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നത്.
ഉള്ളൂർ തോടിന്റെ നവീകരണ പ്രവൃത്തികൾ 90 ശതമാനത്തിലധികം പൂർത്തിയായി. സെപ്‌തംബറിൽ നവീകരണം പൂർത്തീകരിക്കാനാകുമെന്ന് വി കെ പ്രശാന്ത് എംഎൽഎ പറഞ്ഞു.
പട്ടം തോട് നവീകരണം
ദ്രുതഗതിയിൽ
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന പട്ടം തോടിന് ശരാശരി എട്ടു മീറ്റർ വീതിയും ഏകദേശം ഒമ്പത് കി.മീ നീളവുമാണുള്ളത്. 4.83 കോടി രൂപയുടെ നവീകരണപ്രവൃത്തിയാണ് പട്ടം തോട്ടിൽ നടക്കുന്നത്. കുടപ്പനക്കുന്ന്, ചെട്ടിവിളാകം, കിണവൂർ, മുട്ടട, കേശവദാസപുരം, നന്തൻകോട്, പട്ടം കുന്നുകുഴി, കണ്ണമ്മൂല എന്നീ ഡിവിഷനുകളിലൂടെ ഒഴുകി പട്ടം തോട് ആമയിഴഞ്ചാൻ തോട്ടിൽ ചേരും. നവീകരണപ്രവൃത്തികൾ 60 ശതമാനത്തിലധികം പൂർത്തിയായി. ഒക്ടോബർ അവസാനത്തോടെ പദ്ധതി പൂർത്തിയാകും.
ഉഷാറാണ് ഹരിതകർമസേന
മാലിന്യസംസ്‌കരണ സംസ്‌കാരത്തിന് പുതിയമുഖം നൽകിയ ഹരിതകർമ സേന കോർപറേഷന്റെ 100 വാർഡിലും സജീവം. നഗരപരിധിയിലെ 3,43,865 വീട്ടിൽ സേന എത്തുന്നുണ്ട്. എന്നാൽ 24 ശതമാനം വീടുകൾ പൂർണമായും സഹകരിക്കുന്നില്ലെന്ന പരിമിതിയുമുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് യൂസർഫീയിൽ 50 ശതമാനം ഇളവുണ്ട്. ബിപിഎൽ, ആശ്രയ, അന്ത്യോദയ, പാലിയേറ്റീവ് കെയർ പദ്ധതികളിലുള്ളവർക്ക് സൗജന്യമാണ്.
ഹരിതകർമ സേന ശേഖരിക്കുന്ന മാലിന്യം മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി (എംസിഎഫ്)കളിൽ എത്തിക്കും. എംസിഎഫിൽവച്ച് മാലിന്യം വീണ്ടും തരംതിരിക്കും. പുനരുപയോഗം ചെയ്യാൻ കഴിയുന്നവ കമ്പനികൾക്ക് കൈമാറും. അല്ലാത്തവ റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ (ആർആർഎഫ്) എത്തിക്കും. മറ്റിടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് കഴുകി വൃത്തിയാക്കിയാണ് കൊടുക്കുന്നത്. നഗരത്തിൽ തരംതിരിക്കലും ഹരിതകർമ സേനയാണ് ചെയ്യുന്നത്. ക്ലീൻ കേരള, സികെസിഎൽ, ഗ്രീൻവേംസ്, സൺഏജ് എന്നീ കമ്പനികളാണ് കോർപറേഷനിലെ അജൈവമാലിന്യം കൊണ്ടുപോകുന്നത്. ഇതിനുപുറമെ ചില്ല്, ചിരട്ട, ബാഗ്, ചെരുപ്പ്, പഴയ തുണികൾ എന്നിവ ശേഖരിക്കാൻ പ്രത്യേക ഡ്രൈവും നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..