കഴക്കൂട്ടം
യുഡിഎഫ് സെക്രട്ടറിയറ്റ് ഉപരോധത്തിൽ പങ്കെടുത്ത് മടങ്ങിയവർ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും ആക്കുളം കായലിൽ തള്ളി. ഇത് ചോദ്യം ചെയ്‌തവരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. ബുധൻ പകൽ മൂന്നോടെയാണ് സംഭവം. ആക്കുളം ടൂറിസ്റ്റ് വില്ലേജിന് എതിർവശത്തെ കായലിന് സമീപത്ത് യുഡിഎഫ് നാവായിക്കുളം എന്ന ബാനർ കെട്ടിയ ഒരു ടൂറിസ്റ്റ് ബസിൽ (കെഎൽ25 എ 5045) അമ്പതോളം പേരെത്തി. അവിടെയിരുന്ന് ഭക്ഷണം കഴിക്കുകയും ഭക്ഷണമാലിന്യവും പ്ലാസ്റ്റിക് കുപ്പികളും ചാക്കിൽക്കെട്ടി കായലിൽ തള്ളുകയുമായിരുന്നു. കുറച്ച് മാലിന്യം ടൂറിസ്റ്റ് വില്ലേജിനോട് ചേർന്ന് തൊട്ടടുത്ത ഒഴിഞ്ഞ പറമ്പിലും തള്ളി.
ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ജൈവ പച്ചക്കറിയുടെയും ഇൻഡോർ സസ്യങ്ങളുടെയും വിൽപ്പന നടത്തുന്ന ജീവനക്കാരൻ വി ജെ വൈശാഖ് ഇത് കണ്ടു. ഇവിടെ മാലിന്യം തള്ളരുതെന്നും മാലിന്യത്തൊട്ടിയിൽ ഇടണമെന്നും ഇവരോടാവശ്യപ്പെട്ടു. ഇതോടെ കോൺഗ്രസുകാർ വൈശാഖിനെ അസഭ്യം പറയുകയും മുഖത്തും വയറ്റിലും നെഞ്ചത്തും ചവിട്ടുകയും മർദിക്കുകയുമായിരുന്നു. വീഡിയോ എടുക്കാൻ ശ്രമിച്ച കൂടെയുള്ള ജീവനക്കാരനെയും അസഭ്യം പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടിയ വൈശാഖ് ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..