26 December Thursday

യുവതിയെ കഴുത്തറുത്തശേഷം യുവാവ് ആത്മഹത്യക്ക്‌ ശ്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023
നേമം 
കാരയ്ക്കാമണ്ഡപത്ത് യുവതിയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം. ആത്മഹത്യക്ക്‌ ശ്രമിച്ച യുവാവ്‌ ആശുപത്രിയിൽ. ബുധൻ രാവിലെ ഒമ്പതോടെയാണ് സംഭവം. പഴയ കാരയ്ക്കാമണ്ഡപം പത്തുമുറി ലെയ്‌നിൽ വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് സ്വദേശിനിയാണ് അക്രമത്തിനിരയായത്. വള്ളക്കടവ് മുട്ടത്തറ പമ്പിനുസമീപം ടിസി 43/1174 പുതുവൽ പുത്തൻവീട്ടിൽ ദീപക് (23) ആണ്‌ ആക്രമിച്ചത്‌. പിന്നീട്‌ കൈഞരമ്പ് മുറിച്ച ദീപക്കിനെ നേമം പൊലീസെത്തി ആശുപത്രിയിലാക്കി. യുവതിയെ നാട്ടുകാരാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ഇരുവരും അപകടനില തരണംചെയ്‌തു. 
നാലു വർഷമായി ഇരുവരും സൗഹൃദത്തിലായിരുന്നു. രമ്യയുടെ ജന്മദിനത്തിന് ദീപക് കേക്കുമായി വീട്ടിലെത്തിയിരുന്നു. വീട്ടുകാർ എതിർത്തെങ്കിലും പിന്നീട്‌ രമ്യയുടെ നിർബന്ധത്തിന് വഴങ്ങി. 
ബുധൻ രാവിലെ ഒമ്പതോടെ വീട്ടിലാരുമില്ലാത്തപ്പോഴാണ്‌ അക്രമം. സുഹൃത്തിനൊപ്പം വീട്ടിൽ അതിക്രമിച്ചുകയറിയ ദീപക്‌ യുവതിയോട്‌ ഒപ്പം വരാൻ പലതവണ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ ദീപക്‌ അടുക്കളയിൽ കയറി കത്തി എടുത്ത് വീശുകയായിരുന്നു. ഇതിനിടെ യുവതിയുടെ കവിളിൽ മുറിവേറ്റു. ഓടിമാറിയ യുവതിയെ ദീപക്‌ ഹാളിലെ സെറ്റിയിൽ ബലമായി പിടിച്ചുകിടത്തി കഴുത്തറുക്കാൻ ശ്രമിച്ചു. 
നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ദീപക്‌ മതിൽ ചാടി സമീപത്തെ വീട്ടിന് പുറകിലെ തൊഴുത്തിൽ ഒളിച്ചു. കൈമുറിച്ച്‌ ബോധരഹിതനായ നിലയിലാണ്‌ ഇയാളെ കണ്ടെത്തിയത്‌. 
പെട്ടെന്നുണ്ടായ പ്രകോപനമാണ് അക്രമത്തിന് കാരണമെന്നാണ് നിഗമനം. കൊലപാതകശ്രമത്തിന് യുവാവിനെതിരെ കേസെടുത്തു. യുവാവിനൊപ്പം എത്തിയതെന്ന്‌ സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top