21 November Thursday
സംഘം ഇന്ന്‌ മുഖ്യമന്ത്രിയെ കാണും

കേരളത്തിലെ വിദ്യാലയങ്ങളെ 
അഭിനന്ദിച്ച് ഫിൻലൻഡ് മന്ത്രി

സ്വന്തം ലേഖകൻUpdated: Thursday Oct 19, 2023

ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെൻറിക്സൺ തൈക്കാട്‌ ഗവ. മോഡൽ എൽപി സ്‌കൂളിലെത്തിയപ്പോൾ 
വിദ്യാർഥികൾ പൂക്കൾ നൽകി സ്വീകരിക്കുന്നു

 
തിരുവനന്തപുരം  
സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തന മികവ് അഭിനന്ദനാർഹമാണെന്നും വിദ്യാർഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പരിപോഷിപ്പിക്കാൻ ഊന്നൽ നൽകുന്നതിൽ അധ്യാപകർ ശ്രദ്ധാലുക്കളാണെന്നും ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെൻറിക്സൺ. 
വിദ്യാഭ്യാസ മേഖലയിൽ കേരളവുമായുള്ള സഹകരണത്തിന്റെ ഭാഗമായി അന്ന മജ ഹെൻറിക്സണിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെത്തിയ ഫിൻലൻഡ് സംഘം തൈക്കാട് ഗവ. എൽപി സ്‌കൂളും വഴുതക്കാട് കോട്ടൺഹിൽ പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയ്‌നിങ് ഇൻസ്റ്റിറ്റ്യൂട്ടും സന്ദർശിച്ചു.
ഇന്ത്യയിൽ ആദ്യമായാണ് ഒരു വിദ്യാലയം സന്ദർശിക്കുന്നതെന്നു പറഞ്ഞാണ് തൈക്കാട് എൽപി സ്‌കൂളിൽ അധ്യാപകരുമായി നടത്തിയ ആശയ വിനിമയം ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി ആരംഭിച്ചത്. കേരളം വിദ്യാഭ്യാസത്തിനു നൽകുന്ന പ്രധാന്യവും ഇവിടുത്തെ ബോധന സമ്പ്രദായവും അഭിനന്ദനാർഹമാണ്. കുട്ടിക്കാലം മുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസമെന്ന രീതിയാണു ഫിൻലൻഡ് സ്വീകരിച്ചുവരുന്നത്. 
കേരളത്തിൽ താൻ സന്ദർശിച്ച ക്ലാസ് മുറികളെല്ലാം കുട്ടികളുടെ കലാസൃഷ്ടികളാൽ മനോഹരമാണ്. സൃഷ്ടിപരമായ കഴിവുകൾക്ക് വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപക പഠനത്തിന് എത്തിയിരിക്കുന്ന ബഹുഭൂരിപക്ഷം പേരും വനിതകളാണെന്നത് ഏറെ സന്തോഷകമരാണെന്നു പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയ്‌നിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുമായി നടത്തിയ ആശയവിനിമയത്തിൽ അന്ന മജ പറഞ്ഞു.  
വിമാനത്താവളത്തിലെത്തിയ സംഘത്തെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 
വ്യാഴം മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ മന്ത്രി, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി സംഘം കൂടിക്കാഴ്‌ച നടത്തും. ഫിൻലൻഡുമായുള്ള സഹകരണവുമായി ബന്ധപ്പെട്ട് റോഡ് മാപ്പ് തയ്യാറാക്കി കൂടുതൽ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയാണു സന്ദർശനത്തിന്റെ ഉദ്ദേശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top