തിരുവനന്തപുരം
രോഗത്തിനുമുമ്പിൽ ഒരാളും നിസ്സഹായരാകാന്‍ പാടില്ലെന്നും അതിനാൽ പരമാവധിപേര്‍ക്ക് സൗജന്യചികിത്സ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വീണാ ജോർജ്. രാജ്യത്ത് ഏറ്റവുംകൂടുതല്‍ സൗജന്യചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണ്. ഒരുവര്‍ഷം 1600 കോടിയിലധികം രൂപയാണ് സൗജന്യ ചികിത്സയ്ക്ക് മാത്രം സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ആരോഗ്യരംഗത്ത് കേരളം ശക്തമായ നിലപാടും പ്രവര്‍ത്തനങ്ങളും നടത്തിയതിന്റെ ഫലമാണിതെന്നും മന്ത്രി പറഞ്ഞു. പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പേരൂർക്കട ആശുപത്രിയിൽ ‘ലക്ഷ്യ’ മാതൃകയിലുള്ള ലേബർ റും കോംപ്ലക്സ്, നവീകരിച്ച പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകൾ, അത്യാഹിത വിഭാഗം, പാലിയേറ്റീവ് വാർഡ്, ഒബ്സർവേർഷൻ റും, നവീകരിച്ച കെഎച്ച്ആർഡബ്ല്യുഎസ് സൂപ്പർ ഡീലക്സ് പേ വാർഡ്, ലിഫ്റ്റ് എന്നിവ ഉൾപ്പെടെ 11 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നാടിന് സമർപ്പിച്ചത്. 36 കോടി രൂപയുടെ തുടർവികസന പദ്ധതിയുടെ നിർദേശം പരിഗണനയിലാണ്.
വി കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി ആർ സലൂജ, എസ് സുനിത, വിളപ്പില്‍ രാധാകൃഷ്ണന്‍, എം ജലീല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന, ഡോ. ബിന്ദു മോഹന്‍, ഡോ. ആശ വിജയന്‍, ഡോ. ബി ഉണ്ണിക്കൃഷ്ണന്‍, വൈ വിജയകുമാര്‍, ഡി രാജേഷ്, എസ് എസ് രാജലാൽ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..