വെള്ളറട
കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ മധ്യസ്ഥ ചർച്ചയ്‌ക്കിടെ സിപിഐ എം വെള്ളറട ഏരിയ സെക്രട്ടറിയുടെ വീട്ടിൽക്കയറി എസ്ഐയുടെ പരാക്രമം. ബുധൻ രാവിലെ പത്തോടെയായിരുന്നു സംഭവം. വെള്ളറട ഏരിയ സെക്രട്ടറി കെ എസ് മോഹനന്റെ ഒറ്റശേഖരമംഗലത്തെ വീട്ടിൽകയറി ആര്യൻകോട് സ്റ്റേഷൻ ഗ്രേഡ് എസ്ഐയുടെ നേതൃത്വത്തിലായിരുന്നു പരാക്രമം. കെ എസ് മോഹനന്റെ സമീപവാസികളായ അച്ഛനും മകനും തമ്മിലുള്ള തർക്കം ചർച്ച ചെയ്യവേയായിരുന്നു സംഭവം.
പൊലീസുകാർക്കൊപ്പം ചാടിയിറങ്ങിയ ഗ്രേഡ് എസ്‌ഐ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കെ എസ് മോഹനനെ അസഭ്യംപറയുകയും ബിജെപി നേതാക്കളുടെ ആവശ്യപ്രകാരം തർക്കത്തിൽ പ്രതിചേർക്കപ്പെട്ടയാളെ ബലമായി പിടിച്ചുവലിച്ച് കൊണ്ടുപോവുകയും ചെയ്തു.
സിപിഐ എമ്മിനെതിരേ ബിജെപി –-കോൺഗ്രസ് സഖ്യം നടത്തുന്ന അക്രമപരമ്പരകൾക്ക് ചുക്കാൻ പിടിക്കുകയായിരുന്നു എസ്ഐ എന്നും ആക്ഷേപമുണ്ട്. വീട്ടിൽകയറി പൊലീസ് നടത്തിയ അക്രമത്തിനെതിരെ സിപിഐ എം വെള്ളറട ഏരിയാ കമ്മിറ്റി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
സംസ്ഥാനത്തെ പൊലീസ് സേനയിലെ പുഴുക്കുത്തുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വെള്ളറട ഏരിയ കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..