ചിറയിൻകീഴ്
ഒരു വിനോദ സഞ്ചാരകേന്ദ്രത്തിനുണ്ടാകേണ്ട യാതൊരു സൗകര്യവും ഈ കോട്ടയ്‌ക്കില്ല. എന്നാലോ സഞ്ചാരികളുടെ ഒഴുക്കിന് ഒരു കുറവുമില്ല. ചരിത്ര പ്രാധാന്യമുള്ള അഞ്ചുതെങ്ങ് കോട്ട സംരക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന അലംഭാവം കോട്ടയിലെത്തുന്ന സഞ്ചാരികൾക്കും നേരിട്ടനുഭവമാകും. സുരക്ഷയ്‌ക്കായി സിസിടിവിയോ ലഘു ഭക്ഷണശാലകളോ പൂന്തോട്ടമോ എന്തിനധികം ഒരു ശുചിമുറിപോലും ഇവിടെയില്ല.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാർക്കെതിരെ ചെറുത്തു നിൽപ്പു സമരത്തിന് തുടക്കമിട്ട കോട്ട കാണാനും ചരിത്രാവശിഷ്ടങ്ങളെക്കുറിച്ച് കൂടുതലറിയാനും വിദേശികളടക്കം സംസ്ഥാനത്തിനകത്തും പുറത്തുംനിന്ന് ഒട്ടേറെപ്പേർ എത്തുന്നു. അമിതമായ ചുങ്കപ്പിരിവിനെതിരെ നിരായുധരായ നാട്ടുകാർ ആയുധധാരികളായ പട്ടാളത്തെ 90 ദിവസം കോട്ട വളഞ്ഞ് ഉപരോധം ഏർപ്പെടുത്തിയ ചരിത്രമുള്ളതാണ് സ്മാരകം.
ഏറെ പുരാതനമായ ലൈറ്റ് ഹൗസും കടലുമായി ചേർന്ന് നിൽക്കുന്ന കോട്ടയും കാണാൻ ഏറെ അഴകാണ്. സന്ദർശകരിൽ ചരിത്ര സ്‌മരണകളുണർത്തുന്ന കുറിപ്പുകളുമുണ്ട്. നൂറ്റാണ്ടിന്റെ തിരുശേഷിപ്പായ കോട്ടയിൽ സംരക്ഷിത സ്മാരകമെന്ന് ബോർഡ് വച്ചിട്ടുണ്ടെങ്കിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾപോലും നിലവിലില്ല.
കോട്ടയ്ക്ക് ചുറ്റും ലൈറ്റ് സംവിധാനം ഏർപ്പെടുത്താനായിട്ടില്ല. അറ്റകുറ്റപ്പണികൾ നടത്തിയിട്ടും വർഷങ്ങളായി.
കേന്ദ്ര സർക്കാരിന്റെ ഇടപെടലിന് എംപിയുൾപ്പെടെയുള്ള ജനപ്രതിനിധികൾ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..