മംഗലപുരം
സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നവജ്യോതിശ്രീകരുണാകരഗുരു വിഭാവനംചെയ്ത ആശയത്തിന്റെ പ്രതിഫലനമായി ശാന്തിഗിരി ആശ്രമത്തിൽ 22 പെണ്‍കുട്ടികള്‍കൂടി സന്ന്യാസിനിമാരാകും. 39–-ാമത് സന്ന്യാസദീക്ഷാ വാർഷികദിനമായ 24ന് ഗുരുസ്ഥാനീയ ശിഷ്യപൂജിത സഹകരണമന്ദിരത്തിലാണ് ദീക്ഷ നൽകൽ. ഇതിൽ മൂന്നുപേര്‍ കേരളത്തിന് പുറത്തുനിന്നുള്ളവരാണ്. ഇതോടെ 104 പേരടങ്ങുന്ന ആശ്രമത്തിന്റെ സന്ന്യാസ സംഘം 126 പേരാകും.
'ഗുരുധർമപ്രകാശസഭ' എന്നാണ് ശാന്തിഗിരിയിലെ സന്ന്യാസ സംഘത്തിന് ഗുരു കൽപ്പിച്ച പേര്. ദീക്ഷയോടൊപ്പം വസ്ത്രവും പുതിയ നാമവും നൽകും. പേരിനൊപ്പം സ്ത്രീകൾക്ക് ‘ജ്ഞാന തപസ്വിനി' എന്നും നാമകരണം ചെയ്യപ്പെടും. കഴിഞ്ഞ 14ന് ആരംഭിച്ച പ്രാർഥനാസങ്കൽപ്പങ്ങൾക്കും സത്സംഗത്തിനും വാർഷിക ദിനത്തിൽ സമാപനമാകുമെന്ന് സ്വാമി ജ്ഞാനദത്തന്‍ ജ്ഞാന തപസ്വി, സ്വാമി ആത്മധര്‍മന്‍ ജ്ഞാന തപസ്വി, എം മഹേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..