26 December Thursday

കർഷക തൊഴിലാളി ക്ഷേമത്തിന്‌ എന്നും മുൻഗണന: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങിൽ 
എത്തിയ മന്ത്രി വി ശിവൻകുട്ടി കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ

തിരുവനന്തപുരം
ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കർഷക തൊഴിലാളികളുടെ ക്ഷേമത്തിന് സംസ്ഥാന സർക്കാർ എന്നും മുൻഗണന നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകുന്ന വിദ്യാഭ്യാസ അവാർഡുകളുടെ ജില്ലാതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഉയർന്ന മാർക്ക് നേടിയ എല്ലാ വിദ്യാർഥികളെയും അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. വെല്ലുവിളികൾ എന്തായാലും ഭൂമിയിൽ അധ്വാനിക്കുന്നവരുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എല്ലാ തൊഴിലാളികളെയും വിലമതിക്കുകയും പിന്തുണയ്ക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന കേരളത്തിനായി ഒരുമിച്ച് പരിശ്രമിക്കാമെന്നും മന്ത്രി പറഞ്ഞു. ആന്റണിരാജു എംഎൽഎ അധ്യക്ഷനായി. 
60–-ാം വയസ്സിൽ വിരമിക്കുന്ന തൊഴിലാളികൾക്കുള്ള അധിവർഷ ആനുകൂല്യങ്ങൾ, മരിച്ച തൊഴിലാളികളുടെ ആശ്രിതർക്ക് മരണാനന്തര ആനുകൂല്യങ്ങൾ, സ്ത്രീ തൊഴിലാളികൾക്കും അവരുടെ പെൺമക്കൾക്കും വിവാഹ ആനുകൂല്യങ്ങൾ, പ്രസവാനുകൂല്യങ്ങൾ, തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ഗ്രാന്റുകൾ,
മെഡിക്കൽ സഹായം, അർഹമായ ആരോഗ്യപരിരക്ഷ എന്നിവ കർഷകത്തൊഴിലാളികൾക്ക് സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്‌.  ഈ വർഷം വിവിധ സ്‌കീമുകൾക്ക് കീഴിലുള്ള ആനുകൂല്യങ്ങളായി ബോർഡ് 3,78,31,012 രൂപയും 8137 കുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി 2,46,73,500 രൂപയും വിതരണം ചെയ്തു.  ജില്ലയിൽമാത്രം മികച്ച വിജയം നേടിയ 218 വിദ്യാർഥികൾക്ക് 6,75,000 രൂപ നൽകി.  
ചടങ്ങിൽ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ ശശാങ്കൻ, വാർഡ് കൗൺസിലർ സി ഹരികുമാർ, അഡ്വ. എസ് ഷാജഹാൻ, പാപ്പനംകോട് അജയൻ, കാലടി സുരേഷ്, മാരായമുട്ടം സത്യദാസ്, അനിൽ ആറ്റിങ്ങൽ, കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് സിഇഒ കെ എസ് മുഹമ്മദ് സിയാദ്, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ എസ്‌ സ്മിത എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top