തിരുവനന്തപുരം
നോർത്ത്, സൗത്ത് റെയിൽവേസ്‌റ്റേഷനുകളിലേക്ക് യാത്രക്കാരുടെ സൗകര്യാർഥം സർവീസ് നടത്താൻ ഒരുക്കമാണെന്ന് കെഎസ്‌ആർടിസി. കൊച്ചുവേളി സ്‌റ്റേഷൻ തിരുവനന്തപുരം നോർത്തായും നേമം സ്റ്റേഷൻ തിരുവനന്തപുരം സൗത്തായുമാണ് മാറ്റിയത്. ഇതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്.
നിലവിൽ റിസർവേഷൻ യാത്രക്കാരേക്കാളും കുറവാണ് തിരുവനന്തപുരം നോർത്ത് സ്‌റ്റേഷനിൽനിന്നുള്ള അൺറിസർവ്‌ഡ് ടിക്കറ്റ് യാത്രക്കാരുടെ എണ്ണം. ദീർഘദൂര പ്രതിവാര ട്രെയിനുകളും സ്‌പെഷ്യൽ ട്രെയിനുകളുമാണ് കൂടുതലായി ഇവിടെനിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. പ്രതിദിന ട്രെയിനുകളും അതിന് കണക്‌ഷനായി കെഎസ്‌ആർടിസി ബസുകളും വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
നിലവിൽ തമ്പാനൂരിൽനിന്ന് രാത്രി എട്ടിനാണ് കൊച്ചുവേളിയിലേക്ക് അവസാന സർവീസ്. തിരിച്ച് രാത്രി ഒമ്പതിനും. പുലർച്ചെ അഞ്ചുമുതൽ ട്രെയിനുകളിലെ യാത്രക്കാരെ ലക്ഷ്യമിട്ട് ഒരു എസി ബസും ഒരു നോൺ എസി ബസുമാണ് സജ്ജമാക്കുന്നത്. ട്രെയിനുകൾ അനിശ്ചിതമായി വൈകുന്നതാണ് മറ്റ് ട്രെയിനുകൾ കണക്കാക്കി സർവീസ് ക്രമീകരിക്കാൻ കഴിയാത്തതെന്ന് അധികൃതർ പറഞ്ഞു. കൺട്രോൾ റൂമിലേക്കും (0471 2463799) ഗതാഗതമന്ത്രിയുടെ ഫെയ്‌സ്‌ബുക്കിലും യാത്രക്കാർക്ക് നിർദേശിക്കാം. കഴിഞ്ഞവർഷം കൊച്ചുവേളിയിലെ യാത്രക്കാർ ശരാശരി 12 ലക്ഷവും നേമത്ത് 45,000ഉം ആണ്. സെൻട്രൽ സ്റ്റേഷനിൽ 1.27 കോടിയുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..