കഴക്കൂട്ടം
പത്തനംതിട്ട ചുട്ടിപ്പാറ ഗവ. നഴ്സിങ് കോളേജിലെ നാലാം വർഷ വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണുമരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആരോഗ്യ സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ അറിയിച്ചു. അയിരൂപ്പാറ രാമപുരത്ത് പൊയ്കയിൽ ശിവത്തിൽ അമ്മു എ സജീവ് ആണ് മരിച്ചത്. വിസിയും അന്വേഷണ സമിതിയും ചൊവ്വാഴ്‌ച അമ്മുവിന്റെ വീട് സന്ദർശിച്ചു.
വിസി മോഹനൻ കുന്നുമ്മൽ ചൊവ്വാഴ്ച രാവിലെയാണ് സന്ദർശിച്ചത്. വൈകിട്ട് ഡീൻ സ്റ്റുഡന്റ് അഫെയർ കമ്മിറ്റി അംഗങ്ങളായ ഡോ. വിവി ഉണ്ണിക്കൃഷ്ണൻ, ഡോ. രാജീവൻ രഘുനാഥ്, ഡോ. എസ് കെ ഹരികുമാർ, ഡോ. സിന്ധു എന്നിവർ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.
വെള്ളി വൈകിട്ട് 4.30ന് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ നിലയിലാണ് അമ്മുവിനെ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടുപ്പിനും കാലിനും തുടയെല്ലിനും മാത്രമേ പരിക്കുള്ളൂവെന്നും വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്നും അധികൃതർ പറഞ്ഞു. അധ്യാപകരും സഹപാഠികളും ചേർന്ന് അമ്മുവിനെ ആംബുലൻസിൽ കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഗുരുതര പരിക്ക് ഉള്ളതിനാൽ സാധാരണ ആംബുലൻസിൽ കൊണ്ടുപോകരുതെന്നും വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു ആംബുലൻസിൽ കൊണ്ടുപോകണം എന്നും അച്ഛനമ്മമാർ ആവശ്യപ്പെട്ടിട്ടും ഈ സൗകര്യമൊന്നുമില്ലാത്ത ആംബുലൻസിലാണ് കൊണ്ടുപോയതെന്ന് കുടുംബം പരാതിപ്പെട്ടു. സഹപാഠികൾ നിരന്തരമായി അമ്മുവിനെ ശല്യം ചെയ്യുന്നതായി അച്ഛൻ നേരത്തെ പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു.
ഡിസംബറിൽ കോളേജിൽ നടത്തുന്ന ടൂറിന്റെ പ്രോഗ്രാം കോ-ഓർഡിനേറ്ററായി അമ്മുവിനെ തീരുമാനിച്ചതിൽ ചില കുട്ടികൾ എതിർപ്പുമായി രംഗത്തുവരികയും തുടർന്ന് അമ്മു പിന്മാറുകയുമുണ്ടായി. ഒരു കുട്ടിയുടെ ലോഗ് ബുക്ക് അമ്മു എടുത്തു എന്നാരോപിച്ച് അമ്മുവിന്റെ മുറിയിൽ ഒരുകൂട്ടം വിദ്യാർഥികൾ പരിശോധിച്ചതായും അമ്മു പ്രിൻസിപ്പലിനു പരാതി നൽകിയിരുന്നു.
അപകടദിവസം വൈകിട്ട് നാലിന് അച്ഛനെയും ചെന്നൈയിൽ അഭിഭാഷകനായ സഹോദരൻ അഖിലിനെയും അമ്മു വിളിച്ചതായും സന്തോഷത്തോടെ സംസാരിച്ചിരുന്നതായും കുടുംബം പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റിട്ട. നഴ്‌സിങ് സൂപ്രണ്ടാണ് അമ്മ രാധാമണി. അച്ഛൻ സജീവ് മെഡിക്കൽ കോളജിനു സമീപം അമ്മൂസ് സർജിക്കൽസ് ആൻഡ് മെഡിക്കൽസ് നടത്തുകയാണ്. കോട്ടയത്തും തുടർന്ന് തിരുവനന്തപുരം പ്രശാന്ത് നഗറിലുമായിരുന്ന കുടുംബം നാലുവർഷം മുമ്പാണ് അയിരൂപ്പാറയിൽ സ്ഥലം വാങ്ങി വീട് വച്ചത്. കോളേജിൽ നടന്ന എല്ലാ സംഭവങ്ങളും അന്വേഷണ സമിതിയോട് പറഞ്ഞതായി കുടുംബാംഗങ്ങൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..