22 December Sunday
സുഹൃത്തിനെ കൊന്ന് യുവാവിന്റെ ആത്മഹത്യ

സ്വത്തുതർക്കമെന്ന് പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024
കാട്ടാക്കട
കാട്ടാക്കടയിൽ നാൽപ്പത്തിമൂന്നുകാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലെന്ന് പൊലീസ്‌. കാട്ടാക്കട കുരുതംകോട് പാലക്കലിൽ വട്ടവിള വീട്ടിൽ പ്രമോദ് (35),  പെൺസുഹൃത്ത് റീജ (43) എന്നിവരെയാണ് വീട്ടിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റീജ  കട്ടിലിൽ കഴുത്തിനു മുറിവേറ്റനിലയിലും പ്രമോദ്‌ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. റീജയെ കൊലപ്പെടുത്തിയശേഷം പ്രമോദ് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിൽ സ്വത്തുസംബന്ധിച്ച അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതായി ബന്ധുക്കളുടെ മൊഴികളിൽ  വ്യക്തമായതായി പൊലീസ്‌ പറഞ്ഞു. 
കൂലിപ്പണിക്കാരനായ പ്രമോദും കളക്ഷൻ ഏജന്റായിരുന്ന റീജയും രണ്ടുവർഷമായി അടുപ്പത്തിലായിരുന്നു. റീജയെ തമിഴ്നാട്ടുകാരനായ ഭർത്താവ് ഉപേക്ഷിച്ചതാണ്‌. ഇതിനുശേഷമാണ്‌ പ്രമോദുമായി അടുത്തത്‌. ഇതിനിടെ, പ്രമോദ് പീഡനക്കേസിൽ ജയിലിലാകുകയും റീജ ഇയാളെ ജാമ്യത്തിലെടുക്കുകയും ചെയ്തിരുന്നു. അച്ഛനും അമ്മയും മരിച്ചശേഷം പ്രമോദ് തനിച്ചായിരുന്നു. രണ്ടു മക്കളുള്ള റീജയും കുരുതംകോട് സ്വദേശിനിയാണ്. റീജയാണ് പതിവായി പ്രമോദിന് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിരുന്നത്. വ്യാഴാഴ്ച  പ്രമോദിന്റെ വീട്ടിൽ ഭക്ഷണവുമായി പോയ റീജയെ കാണാതായതോടെ മക്കൾ കാട്ടാക്കട പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്‌ ഇരുവരെയും മരിച്ചനിലയിൽ കണ്ടത്‌.  
ശനിയാഴ്ച ഫോറൻസിക് ഡോഗ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top