തിരുവനന്തപുരം > മാലിന്യം കൊക്കിൽ കുടുങ്ങിയതോടെ വാ തുറക്കാനാകാതെ, ഇരപിടിക്കാനാകാതെ, കുഞ്ഞുങ്ങളെ ഊട്ടാനാവാതെ വിഷമിക്കുകയാണ് ഈ സ്വദേശിപക്ഷികൾ. വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിലുള്ള "ചേരക്കോഴി'കളുടെ ദുരിതജീവിതമാണ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം സൂപ്രണ്ട് പി വി വിജയലക്ഷ്മി സാക്ഷ്യപ്പെടുത്തുന്നത്.
കാലങ്ങളായി മൃഗശാലയിലെ മഴമരത്തിൽ എത്തുന്ന അതിഥികളാണ് പാമ്പിനോട് സാദൃശ്യമുള്ള നീർപക്ഷികളായ "ചേരക്കോഴി' കൾ. മരക്കൊമ്പിലോ തടാകത്തിലോ ആയി ഇവയെ സന്ദർശകർ ചിലപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. കഴിഞ്ഞ വർഷം മുതൽ ഒരു കാമറ രാപകലില്ലാതെ ഇവയെ നിരീക്ഷിച്ചു വരികയാണ്. സൂപ്രണ്ട് പി വി വിജയലക്ഷ്മിക്കൊപ്പം മ്യൂസിയം ക്യുറേറ്റർ പി എൻ ദീപ്തിയും ചേർന്നാ ണ് പഠനം.
എല്ലാ വർഷവും മൺസൂണിന് മുമ്പെത്തുന്ന പക്ഷികൾ മൺസൂൺ കഴിയുന്നതോടെ കുഞ്ഞുങ്ങളുമായി കൂടൊഴിയും. ഈ വർഷം മാർച്ചിലെത്തി കൂടുകൂട്ടിയ പക്ഷികളിൽ 17 എണ്ണത്തിന്റെ കൊക്കിലാണ് തുണിയുടേയും പ്ലാസ്റ്റിക്കിന്റേയും മാലിന്യം കുരുങ്ങിയതായി കണ്ടത്.
" ഇലകളും കമ്പുകളും കൊണ്ടുണ്ടാക്കിയ കൂട്ടിൽ ഇണകളായി കഴിയുന്ന ഇവയിൽ ഒരാൾ കുഞ്ഞുങ്ങൾക്ക് കാവലിരിക്കുകയും മറ്റൊരാൾ ഇരതേടി പോവുകയുമാണ് പതിവ്. ഇരതേടി പോയ ആൺപക്ഷി ഇത്തവണ തിരിച്ചെത്തിയത് ചുണ്ടിൽ കുരുങ്ങിയ പ്ലാസ്റ്റിക്കുമായാണ്. ഇരപിടിക്കാനും കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനും കഴിയാതായതോടെ ആ ജോലി പൂർണമായും ഇണ ഏറ്റെടുത്ത് കുഞ്ഞുങ്ങളെ വളർത്തിയെടുക്കുകയായിരുന്നു. പലപ്പോഴും ആഹാരം കഴിക്കാനാവാതെ ഇവ ചത്തുപോകാറുമുണ്ട് –- പി വി വിജയലക്ഷ്‌മി പറഞ്ഞു. ഒരിക്കൽ രക്ഷപ്പെടുത്താനായി അഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയെങ്കിലും നടന്നില്ല. ആ പക്ഷി പിന്നീട് കൂട് ഉപേക്ഷിച്ചു. ജലാശയങ്ങ ൾ മലിനമാക്കാതിരിക്കുക മാത്രമാണ് ഇവയ്ക്ക് നൽകാനാവുന്ന കരുതലെന്നും അവർ കൂട്ടിച്ചേർത്തു.
മൃഗശാലയിലെ ജലാശയങ്ങളിൽനിന്ന് ശരവേഗത്തിൽ മുങ്ങി ചെറുമത്സ്യങ്ങളെ പിടിച്ച് വായുവിലേക്ക് എറിഞ്ഞ് കൂർത്ത കൊക്കുകൾ കൊണ്ട് കുത്തിക്കൊന്ന് വിഴുങ്ങുന്ന കാഴ്‌ച ആരിലും കൗതുകമുണർത്തും. കൂട്ടിലെത്തി കുട്ടികളുടെ വായിലേക്ക് നീളൻ കൊക്കുകളിറക്കിയാണ് ആഹാരം നൽകുക. മൃഗശാലയിലെ 30 ഏക്കറിൽ ശുദ്ധമായ തടാകവും ചുറ്റിനും നിറഞ്ഞ സസ്യങ്ങളും അവയ്ക്ക് സ്വസ്ഥമായ ആവാസവ്യവസ്ഥ ഒരുക്കുന്നു. ഇതാകാം ഇവിടെ കൂടുകൂട്ടാൻ കാരണം. കൊല്ലം ജില്ലയിലെ പാവുമ്പ, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലാണ് നിലവിൽ ചേരക്കോഴികൾ കാണപ്പെടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..