തിരുവനന്തപുരം
ഇന്ത്യൻ ശാസ്‌ത്രീയ നൃത്തകലകളുടെ അംബാസഡർ ഡോ. കപില വാത്സ്യായന്റെ പേരിൽ നടത്തുന്ന ക്ലാസിക്കൽ നൃത്തോത്സവത്തിന്റെ രണ്ടാം പതിപ്പിന് ഞായറാഴ്‌ച ഭാരത് ഭവനിൽ തുടക്കം. അഞ്ചു ദിവസത്തെ നൃത്തോത്സവം വൈകിട്ട് ആറിന് അടൂർ ഗോപാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് മാർഗിയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന സുഭദ്രാഹരണം കഥകളിയും അരങ്ങേറും.
തിങ്കൾ വൈകിട്ട് ആറിന് സാംസ്‌കാരിക സദസ്സിൽ മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥിയാകും. ഏഴിന് വിശ്വഭാരതി സർവകലാശാല നൃത്ത വിഭാഗം മേധാവി പ്രൊഫ. ശ്രുതി ബന്ദോപാധ്യായ, ഡോ. സോമദാബന്ദോപാധ്യായ, ശ്രേയ മഹാത്ത എന്നിവർ ചേർന്ന് മണിപ്പൂരി നൃത്തവും രാമകൃഷ്‌ണ തലൂക്ക്‌ദാറും സംഘവും സത്രിയ നൃത്തം അവതരിപ്പിക്കും.
ചൊവ്വ വൈകിട്ട് ആറിന് സാംസ്‌കാരിക സദസ്സിൽ മന്ത്രി പി പ്രസാദ് മുഖ്യാതിഥിയാകും. ഏഴിന് ഭുപൻകുമാറും സംഘവും അവതരിപ്പിക്കുന്ന ചാഹു നൃത്താവതരണവും ശർമ്മിള ബിശ്വാസ് ഒഡീസി നൃത്തവും അവതരിപ്പിക്കും. ബുധൻ വൈകിട്ട് ആറിന് സാംസ്‌കാരിക സദസ്സിൽ മന്ത്രി ആർ ബിന്ദു, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ മുഖ്യാതിഥികളാകും. ഏഴിന് കലാമണ്ഡലം ക്ഷേമാവതിയും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടവും വിദൂഷി ഉമാ ദോഗ്രി അവതരിപ്പിക്കുന്ന കഥക് നൃത്തവും അരങ്ങേറും. സമാപന ദിവസമായ വ്യാഴം വൈകിട്ട് ആറിന് സാംസ്‌കാരിക സദസ്സിന്റെ ഉദ്‌ഘാടനവും 2025 മേയിൽ നടക്കുന്ന കപില യങ് ടാലന്റ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനവും മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ശ്രീകുമാരൻ തമ്പി അധ്യക്ഷനാകും. തുടർന്ന് ഗീതാചന്ദ്രൻ അവതരിപ്പിക്കുന്ന ഭരതനാട്യവും കലാശ്രീ വൈജയന്തികാശി ഒരുക്കുന്ന കുച്ചിപ്പുടിയും നടക്കും. നൃത്തോത്സവത്തിന്റെ സൗജന്യ പാസുകൾ ഭാരത്‌ഭവനിൽ ലഭ്യമാണ്.
വാർത്താസമ്മേളനത്തിൽ പ്രമോദ് പയ്യന്നൂർ, മാർഗി ഉഷ, പ്രൊഫ. അലിയാർ, എസ് രാധാകൃഷ്‌ണൻ, സൗമ്യ ജൊന്നലഗഡ, റോബിൻ സേവ്യർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..