തിരുവനന്തപുരം
വിഴിഞ്ഞം–- കൊല്ലം –- പുനലൂർ വ്യാവസായിക സാമ്പത്തിക വളർച്ചാ മുനമ്പ് തിരുവനന്തപുരത്തിന്റെ ഗ്രാമപ്രദേശങ്ങളിലടക്കം വൻകിട വികസനം എത്തിക്കും. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം കമീഷൻ ചെയ്യുന്നതോടെയുള്ള വളർച്ചയുടെ പ്രയോജനം കൂടുതൽ ലഭിക്കുക തലസ്ഥാന ജില്ലയ്‌ക്കാകും.
മേഖലാ വളർച്ച സുഗമമാക്കുന്നതിനുള്ള പ്രധാന ‘നോഡു’കളായി കണക്കാക്കുന്നത് ഇവയാണ്: സമുദ്രോൽപ്പന്ന ഭക്ഷ്യസംസ്‌കരണവും കയറ്റുമതിയും, കാർഷികാധിഷ്ഠിത വ്യവസായങ്ങൾ, ഐടി/ഐടിഇഎസ്/ബഹിരാകാശ മേഖല, ഗതാഗതവും ലോജിസ്റ്റിക്‌സും, പുനരുപയോഗ ഊർജം, അസംബ്ലിങ് യൂണിറ്റുകൾ, മെഡിക്കൽ ടൂറിസം/ഹോസ്പിറ്റാലിറ്റി.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 1456 ച. കി. മീ. വിസ്‌തൃതിയിൽ വ്യാപിച്ചുകിടക്കുന്ന നിക്ഷേപ–- വ്യാപാര മേഖല വഴി വളർച്ച നേടാനാകും.
സ്ഥലം ഏറ്റെടുക്കുന്നതിനായി 1000 കോടി രൂപ കിഫ്‌ബി അനുവദിച്ചിട്ടുണ്ട്. അടിസ്ഥാന വികസനം, വ്യാവസായിക ഇടനാഴികൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിങ്ങനെ മൂന്നുവർഷത്തിനിടെ മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
പ്രധാന ഹൈവേകൾക്കും റെയിൽ ശൃംഖലകൾക്കും സമീപം സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളാകും പദ്ധതികൾക്ക് കേന്ദ്രമാകുക. വിഴിഞ്ഞം –- കൊല്ലം ദേശീയപാത, കൊല്ലം-–- ചെങ്കോട്ട ദേശീയപാത, ഇതേ ദിശയിലുള്ള പുതിയ ഗ്രീൻഫീൽഡ് ദേശീയപാത, കൊല്ലം–- ചെങ്കോട്ട റെയിൽപ്പാത, പുനലൂർ–- നെടുമങ്ങാട്–- വിഴിഞ്ഞം റോഡ് എന്നിവയാണ് ഈ വളർച്ചാ മുനമ്പിന്റെ മൂന്ന് വശങ്ങൾ. തിരുവനന്തപുരം ഔട്ടർ റിങ് റോഡും വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോറും വികസന കേന്ദ്രങ്ങളാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..