ചടയമംഗലം
സ്ഥലം മാറിപ്പോയ എസ്ഐ അന്വേഷണവുമായി ബന്ധപ്പെട്ട് പഴയ സ്റ്റേഷൻ പരിധിയിലെത്തി പട്ടികജാതിയില്‍പ്പെട്ട യുവാവിനെയും ഭാര്യയെയും ഗുണ്ടകളുടെ സഹായത്തോടെ മർദിച്ചതായി പരാതി. കല്ലുമല കോളനിയിൽ സുരേഷ് (41), ഭാര്യ ബിന്ദു (32) എന്നിവരാണ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സതേടിയത്. കൊല്ലം റൂറൽ എസ്‍പിക്കും മുഖ്യമന്ത്രിക്കും ഇവർ പരാതി നൽകി.
ശനി രാത്രി 10നായിരുന്നു സംഭവം. ചടയമംഗലം സ്റ്റേഷനിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി എത്തിയ എസ്‌ഐ മനോജ്കുമാറിനെതിരെയാണ് പരാതി. മനോജ്കുമാർ കാട്ടാക്കട സ്റ്റേഷനിലേക്ക് സ്ഥലംമാറി. കാട്ടാക്കടയിലെ കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്യുന്നതിനാണ് എസ്ഐയും മൂന്ന് പൊലീസുകാരും ഔദ്യോഗിക വാഹനത്തിൽ കല്ലുമല കോളനിയിൽ എത്തിയത്. നിരവധി കേസുകളില്‍ പ്രതിയായ സാൻജോ ജോൺസണും സുഹൃത്തും ഇവർ എത്തുന്നതിനുമുമ്പ് സുരേഷിന്റെ വീടിനുമുന്നിൽ നിലയുറപ്പിച്ചിരുന്നു.
എസ്ഐയുടെ നേതൃത്വത്തിൽ വീട്ടിൽക്കയറി സുരേഷിനെ വിലങ്ങുവച്ചവച്ചശേഷം ഭാര്യയുടെ മുന്നിലിട്ട് മർദിച്ചെന്നാണ് പരാതി. തടയാനെത്തിയ ഭാര്യയെ മർദിച്ചെന്നും പരാതിയിലുണ്ട്. ശേഷം സുരേഷിന്റെ ഫോട്ടോയെടുത്ത് എസ്ഐ മറ്റാർക്കോ അയച്ചു. പ്രതിയല്ലെന്ന മറുതലയ്‌ക്കലെ മറുപടിയെ തുടർന്ന് നിലമേൽ ജങ്ഷനു സമീപം പൊലീസ് വാഹനത്തില്‍നിന്ന് സുരേഷിനെ ഇറക്കിവിടാനും മറ്റാരും അറിയരുതെന്ന് താക്കീതുചെയ്യാനും എസ്ഐ ശ്രമിച്ചു. വാഹനത്തിൽനിന്ന് ഇറങ്ങാതിരുന്ന സുരേഷിനെ പിന്നീട് വീടിനു സമീപം കൊണ്ടുപോയി ഇറക്കിവിടുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..