22 November Friday

നിറഞ്ഞുനിന്നു, തലസ്ഥാനത്തിന്റെ സമരപഥങ്ങളിലും

സ്വന്തം ലേഖകൻUpdated: Sunday Sep 22, 2024

1991ൽ എ കെ ജി സെന്ററിനുനേരെ നടന്ന പൊലീസ്‌ അതിക്രമം ചോദ്യം ചെയ്യുന്ന അന്ന്‌ എൽഡിഎഫ്‌ കൺവീനറായിരുന്ന എം എം ലോറൻസ്‌. ഇ കെ നായനാർ, എം എ ബേബി തുടങ്ങിയവര്‍ സമീപം (ഫയൽ ചിത്രം)

തിരുവനന്തപുരം
സമരസഖാവായും നേതാവായും തലസ്ഥാനനഗരിയിൽ നിറഞ്ഞുനിന്ന പേരായിരുന്നു എം എം ലോറൻസിന്റേത്‌. 1978 മുതൽ 1998 വരെയും 2006 മുതൽ 2013 വരെയും അദ്ദേഹത്തിന്റെ പ്രവർത്തനകേന്ദ്രം തിരുവനന്തപുരമായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം, എൽഡിഎഫ്‌ കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം ഇക്കാലയളവിൽ പ്രവർത്തിച്ചു. പാർടി സെക്രട്ടറിയറ്റ്‌ അംഗമായിരിക്കുമ്പോഴും എൽഡിഎഫ്‌ കൺവീനറായപ്പോഴും എ കെ ജി സെന്ററിലും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയായപ്പോൾ സിഐടിയുവിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിലുമായിരുന്നു താമസം. 
സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിനുനേരെ രാഷ്‌ട്രീയ എതിരാളികളുടെ അക്രമം രണ്ടുതവണ നടന്നപ്പോൾ അദ്ദേഹം ഓഫീസിലുണ്ടായിരുന്നു. ഒരിക്കൽ കോൺഗ്രസ്‌ നേരിട്ടായിരുന്നു അക്രമം നടത്തിയതെങ്കിൽ പിന്നീട്‌ കോൺഗ്രസ്‌ ആശീർവാദത്തോടെ പൊലീസിനെ ഉപയോഗിച്ചായിരുന്നു അക്രമം. 1983 ഒക്‌ടോബറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗം നടക്കുന്നതിനിടെയാണ്‌ കോൺഗ്രസ്‌ പ്രവർത്തകർ എ കെ ജി സെന്റർ ആക്രമിച്ചത്‌. പാളയത്തെ എംഎൽഎ ക്വാർട്ടേഴ്‌സിൽനിന്ന്‌ പ്രകടനമായെത്തിയ കോൺഗ്രസ്‌ പ്രവർത്തകർ അന്ന്‌ ബോംബെറിഞ്ഞു. മുതിർന്ന നേതാക്കളടക്കം പങ്കെടുത്തുള്ള സെക്രട്ടറിയറ്റ്‌ യോഗം നടക്കുന്നതിനിടെയായിരുന്നു ഇത്‌. 1991ൽ യുഡിഎഫ്‌ ഭരിക്കുമ്പോൾ യുദ്ധസമാനമായ അന്തരീക്ഷം എ കെ ജി സെന്ററിനു മുന്നിൽ സൃഷ്ടിച്ചത്‌ കെ കരുണാകരന്റെ പൊലീസായിരുന്നു. പാർടി നേതാക്കളെല്ലാം സെന്ററിനുള്ളിലുള്ളപ്പോൾ പൊലീസ്‌ എ കെ ജി സെന്ററിനുനേരെ വെടിയുതിർത്തു. അന്ന്‌ എൽഡിഎഫ്‌ കൺവീനറായിരുന്നു ലോറൻസ്‌. 
1989ൽ ദേശാഭിമാനിയുടെ തിരുവനന്തപുരം യൂണിറ്റ്‌ ആരംഭിക്കുമ്പോൾ അതിനായി മുൻനിരയിൽ ലോറൻസുമുണ്ടായിരുന്നു. 2011ൽ സിഐടിയു സംസ്ഥാന കമ്മിറ്റിക്ക്‌ പുതിയ ഓഫീസ്‌ നിർമിക്കുന്നതിനും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു.
എൽഡിഎഫ് ജില്ലാ 
 കൺവീനർ 
അനുശോചിച്ചു
ചിറയിൻകീഴ്  
മുതിർന്ന സിപിഐ എം നേതാവ്‌  എം എം ലോറൻസിന്റെ നിര്യാണത്തിൽ എൽഡിഎഫ് ജില്ലാ കൺവീനർ അഡ്വ. എസ് ഫിറോസ് ലാൽ അനുശോചിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top