വെഞ്ഞാറമൂട്
വെഞ്ഞാറമൂട് മേൽപ്പാലം കരാറിന് ധനവകുപ്പ് അനുമതി നൽകി. 28 കോടി രൂപയുടെ കരാറിനാണ് അനുമതി നൽകിയതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
തിരുവനന്തപുരം –--അങ്കമാലി എംസി റോഡിന്റെ ഏറ്റവും തിരക്കുള്ള ജങ്ഷനാണ് വെഞ്ഞാറമൂട്. നാല് റോഡുകൾ തിരിയുന്ന ഇവിടെ വലിയ ഗതാഗതത്തിരക്കാണുണ്ടാവുക. തൈക്കാടുമുതൽ ആലന്തറവരെയുള്ള അഞ്ച് കിലോമീറ്റർ ഭാഗത്താണ് ഏറ്റവും കൂടുതൽ. ഇതിന് ശാശ്വത പരിഹാരമായി ഡി കെ മുരളി എംഎൽഎ നൽകിയ ശുപാർശ പരിഗണിച്ച് 2018 ജൂണിൽ സാധ്യതാ പഠനം നടത്തി പ്രായോഗികമാണെന്ന് റിപ്പോർട്ട് സമർപ്പിച്ചു. 10.5 മീറ്റർ വീതിയിൽ ഫ്ലൈഓവർ, 3.5 മീറ്റർ വീതിയിൽ സർവീസ് റോഡ്, 5.5 മീറ്റർ വീതിയിൽ സർവീസ് റോഡ്, 1.5മീറ്റർ വീതിയിൽ ഇരുഭാഗത്തും നടപ്പാതയും അടങ്ങിയതാണ് പദ്ധതി.
കഴിഞ്ഞ മാർച്ചിൽ കരാർ വീണ്ടും വിളിക്കുകയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി 28 കോടി രൂപയ്ക്ക് എടുക്കുകയും ചെയ്തു. എന്നാൽ ഇത് എസ്റ്റിമേറ്റ് തുകയെക്കാളും 33.45 ശതമാനം കൂടുതലായതിനാൽ കരാർ കമ്മിറ്റി അംഗീകാരത്തിനായി സർക്കാരിലേക്ക് ശുപാർശ ചെയ്തു. മേൽപ്പാലത്തിന്റെ അടിയന്തരാവശ്യം മനസ്സിലാക്കി മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ അടിയന്തര ഇടപെടലിനെ തുടർന്ന്‌ധനവകുപ്പിന് ഫയൽ കൈമാറുകയായിരുന്നു. മേൽപ്പാലം വരുന്നതോടെ വെഞ്ഞാറമൂട്ടിലെ ഗതാഗതകുരുക്കിന് ശാശ്വതപരിഹാരമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..