22 December Sunday
വെഞ്ഞാറമൂട് മേൽപ്പാല ടെന്‍ഡറിന് മന്ത്രിസഭാ അനുമതി

സ്വപ്നപദ്ധതി യാഥാർഥ്യത്തിലേക്ക്

സ്വന്തം ലേഖകന്‍Updated: Friday Nov 22, 2024

ഗതാഗതക്കുരുക്ക്, ശാശ്വത പരിഹാരം, സ്വപ്നപദ്ധതി

വെഞ്ഞാറമൂട്
വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായ മേൽപ്പാലത്തിന്റെ ടെന്‍ഡറിന് മന്ത്രിസഭയുടെ അനുമതി. 28 കോടി രൂപയുടെ ടെന്‍ഡറിനാണ് അനുമതി നൽകിയത്. തിരുവനന്തപുരം –- -അങ്കമാലി എംസി റോഡിന്റെ ഏറ്റവും തിരക്കുള്ള ജങ്ഷനാണ് വെഞ്ഞാറമൂട്. നാല് റോഡുകൾ തിരിയുന്ന ജങ്ഷനിൽ പ്രവൃത്തിദിനങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്‌. തൈക്കാടുമുതൽ ആലന്തറവരെയുള്ള മൂന്നുകിലോമീറ്റർ ഭാഗത്താണ്‌ ​ഗതാ​ഗതക്കുരുക്ക് രൂക്ഷമാകുന്നത്‌. ഇതിന്‌ ശാശ്വത പരിഹരമായി ഡി കെ മുരളി എംഎൽഎയാണ് മേൽപ്പാലം എന്ന ആവശ്യം മുന്നോട്ടുവച്ചത്. എംഎൽഎയുടെ ശുപാർശ പരിഗണിച്ച് 2018 ജൂണിൽ സാധ്യതാ പഠനം നടത്തുകയും പദ്ധതി നടപ്പാക്കാമെന്ന്‌ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. 
  കഴിഞ്ഞ മാർച്ചിൽ മേൽപ്പാലം ടെൻഡർ വിളിക്കുകയും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ–--ഓപ്പറേറ്റീവ് സൊസൈറ്റി 28 കോടിക്ക്‌ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഇത് എസ്റ്റിമേറ്റ് തുകയെക്കാളും 33.45 ശതമാനം കൂടുതലായതിനാൽ ടെൻഡർ കമ്മിറ്റി അംഗീകാരത്തിനായി സർക്കാരിനോട്‌ ശുപാർശ ചെയ്തു. തുടർന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് അടിയന്തര ഇടപെടലിനായി ധനവകുപ്പിന് ഫയൽ കൈമാറുകയായിരുന്നു. കഴിഞ്ഞ മാസം ധനവകുപ്പ് ടെൻഡറിന് അനുമതി നൽകിയിരുന്നു. തുടർന്നാണ് വ്യാഴാഴ്ച മന്ത്രിസഭയുടെ അനുമതി ലഭിച്ചത്. മേൽപ്പാലത്തിനായി മുമ്പ്‌ നടന്ന അഞ്ച്‌ ടെൻഡറുകളും വിവിധ കാരണങ്ങളാൽ നടപ്പിലായിരുന്നില്ല. മാർച്ചിൽ നടന്ന നാലാമത്തെ ടെൻഡറിന് സർക്കാർ തലത്തിൽ അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും എസ്റ്റിമേറ്റിൽവന്ന മാറ്റം മൂലം കരാർ നടപ്പിലായില്ല. 
   പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം മേൽപ്പാലത്തിന് 450 മീറ്റർ നീളവും പത്തര മീറ്റർ വീതിയുമുണ്ടാകും. കിഫ്ബി ഫണ്ടുപയോഗിച്ച് പിഡബ്ല്യുഡി മുഖാന്തരം കേരള റോഡ് ഫണ്ട് ബോർഡിനായിരിക്കും നിർമാണച്ചുമതല. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top