തിരുവനന്തപുരം
വാർത്താവിനിമയ മേഖലയിൽ അത്യാധുനിക തദ്ദേശ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേരള സ്‌റ്റാർട്ടപ്പ് മിഷനു കീഴിലുള്ള രണ്ടു സ്‌റ്റാർട്ടപ്പുകൾ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്‌സുമായി (സി-ഡോട്ട്) കരാർ ഒപ്പിട്ടു. ടെക്‌നോപാർക്ക് ആസ്ഥാനമായ ട്രോയിസ് ഇൻഫോടെക്കും കൊച്ചി ആസ്ഥാനമായ സിലിസിയം സർക്യൂട്ട്സ് പ്രൈവറ്റ് ലിമിറ്റഡുമാണ് കരാർ ഒപ്പിട്ടത്. കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ ആർ ആൻഡ് ഡി കേന്ദ്രമാണ് സിഡോട്ട്. ഇരുകരാറും കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ ടെലികോം ടെക്‌നോളജി ഡെവലപ്മെന്റ് ഫണ്ട് പദ്ധതിയുടെ ഭാഗമാണ്. ടെലികമ്യൂണിക്കേഷൻ ഉൽപ്പന്നങ്ങളും പരിഹാരങ്ങളും രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും വാണിജ്യവൽക്കരിക്കുന്നതിനുമായി സ്‌റ്റാർട്ടപ്പുകൾ, അക്കാദമികൾ, ഗവേഷണ-വികസന സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് ധനസഹായം നൽകുന്ന പദ്ധതിയാണിത്.
മുഖംതിരിച്ചറിയാനുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഡ്രോൺ കാമറകളുടെ നിർമാണത്തിനായാണ് ഡീപ്-ടെക് സ്‌റ്റാർട്ടപ്പായ ട്രോയിസ് ഇൻഫോടെക്കുമായി കരാർ. നിർമിതബുദ്ധി ഉപയോഗിച്ചുള്ള സാങ്കേതികവിദ്യകളുടെ നിർമാണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ട്രോയിസ് ഇൻഫോടെക് 2018ലാണ് ആരംഭിച്ചത്. ലിയോ സാറ്റ്‌ലൈറ്റ് നിർമാണത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ സിലിസിയം സർക്യൂട്ടുകളുടെ നിർമാണത്തിനും വികസനത്തിനുമായാണ് സിലിസിയം സർക്യൂട്ട് പ്രൈവറ്റ് ലിമിറ്റഡുമായി കരാർ. സെമികണ്ടക്ടർ ഐപി വിജയകരമായി അവതരിപ്പിച്ച, കേരളത്തിൽ പ്രവർത്തിക്കുന്ന ആദ്യ സെമികണ്ടക്ടർ സ്‌റ്റാർട്ടപ്പാണ് സിലിസിയം സർക്യൂട്ട്സ്. ബഹിരാകാശ പ്രതിരോധ മേഖലകളിൽ നിർണായക മുന്നേറ്റമാകും ഈ ചിപ്പുകളുടെ ഉപയോഗം.
ട്രോയിസ് ഇൻഫോടെക്കുമായുള്ള കരാറിൽ സി-ഡോട്ട് സിഇഒ ഡോ. രാജ്കുമാർ ഉപാധ്യായ, ട്രോയിസ് ഇൻഫോടെക് സിഇഒ ടി ജിതേഷ്, സിഐഒ ടി ഇ നന്ദകുമാർ എന്നിവർ ഒപ്പുവച്ചു. സിലിസിയം സർക്യൂട്ടുകൾക്കായുള്ള കരാറിൽ സി-ഡോട്ട് സിഇഒ ഡോ. രാജ്കുമാർ ഉപാധ്യായയും സിലിസിയം സർക്യൂട്ട് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ റിജിൻ ജോണും ഒപ്പുവച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..