26 December Thursday

ദേവസ്വം ക്ഷേത്രപ്രവർത്തനം ഡിജിറ്റലാകുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Dec 22, 2024

ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം കമീഷണർ സി വി പ്രകാശ്, ചെന്നൈ എൻഐസി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗീതാറാണി എന്നിവർ ധാരണപത്രം കൈമാറുന്നു

തിരുവനന്തപുരം
തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള ക്ഷേത്രങ്ങളുടെ പ്രവർത്തനം ഡിജിറ്റലാക്കുന്നു. നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ (എൻഐസി)സാങ്കേതികവിദ്യ ഉപയോഗിച്ചാണിത്. ഇതിനായി ദേവസ്വം ബോർഡും എൻഐസിയുമായി ധാരണപത്രത്തിൽ ഒപ്പിട്ടു. സോഫ്‌റ്റ്‌വെയർ ടെസ്റ്റിങ്‌ ജനുവരിയിൽ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നടക്കും. തുടർന്ന് ശബരിമലയിലും മറ്റു ക്ഷേത്രങ്ങളിലും നടപ്പാക്കും. 
ബോർഡിനു കീഴിലെ 1252 ക്ഷേത്രങ്ങളിലെ വഴിപാടുകൾമുതൽ  മരാമത്തു പണികൾവരെ  ക്ലൗഡ്-ബേസ്ഡ് കമ്പ്യൂട്ടർ ശൃംഖലവഴി ഉദ്യോഗസ്ഥർക്ക് നിയന്ത്രിക്കാനാകും. ഓൺലൈനിലൂടെ ലോകത്തെവിടെനിന്നും വഴിപാടുകൾ ബുക്ക് ചെയ്യാം. ചീട്ടാക്കിയ വഴിപാടുകളുടെ വിവരങ്ങൾ മേൽശാന്തിക്കും ക്ഷേത്രച്ചുമതലക്കാർക്കും അപ്പപ്പോൾ അറിയാം.  മൊബൈൽ ഫോണിലെ ഗൂഗിൾ ക്രോം ബ്രൗസർവഴി വഴിപാടുകൾ ചീട്ടാക്കാം. ഇതിനുള്ള ആപ്പുകൾ പ്ലേസ്റ്റോറിൽ ലഭ്യമാക്കും.
തിരുവാഭരണമടക്കം ക്ഷേത്ര സ്വത്തുവിവരങ്ങൾ ഡിജിറ്റൈസ് ചെയ്യാനുള്ള സംവിധാനമുണ്ട്‌. ഓരോ ക്ഷേത്രത്തിലും ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്ടിവിറ്റിയും വൈഫൈയും ലഭ്യമാക്കും. ശബരിമലയിൽ നിലയ്‌ക്കൽ മുതൽ പമ്പവരെ കേബിൾ ഡക്ട്‌വഴിയും പമ്പമുതൽ സന്നിധാനംവരെ പോസ്റ്റുകൾ വഴിയും ഡാറ്റാ കേബിളെത്തിക്കും.  ഭക്തരുടെ സ്വകാര്യവിവര സംരക്ഷണാർഥം ഡിജിറ്റൽ വിവരങ്ങൾ സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ സൂക്ഷിക്കും.
ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം കമീഷണർ സി വി പ്രകാശ്, ചെന്നൈ എൻഐസി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗീതാറാണി എന്നിവർ ധാരണപത്രത്തിൽ ഒപ്പുവച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top