ആനത്തലവട്ടം ആനന്ദൻ നഗർ (ജി വി രാജ
കൺവൻഷൻ സെന്റർ, കോവളം)
എൽഡിഎഫ് സർക്കാരിനെതിരെ അപ്രഖ്യാപിത സഖ്യം ഹീനമായ കടന്നാക്രമണം നടത്തുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വിമോചന സമരകാലത്തേതിനു സമാനമായോ അതിനേക്കാൾ വാശിയോടെയോ ഈ സംഘം പ്രവർത്തിക്കുകയാണെന്നും സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് അദ്ദേഹം പറഞ്ഞു.
1957ലെ ഇ എം എസ് സർക്കാരിന്റെ വിജയത്തോട് താരതമ്യപ്പെടുത്താവുന്ന ചരിത്രസംഭവമാണ് എൽഡിഎഫ് സർക്കാരിനു ലഭിച്ച തുടർഭരണം. അധികാരമില്ലാതെ നിൽക്കേണ്ടി വരുന്നത് കോൺഗ്രസിനും ലീഗിനുമൊന്നും ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്. അതുകൊണ്ടാണ് എൽഡിഎഫ് സർക്കാരിനെ ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ ആക്രമിക്കുന്നത്. ബിജെപിയും അതിനൊപ്പം കൂടുന്നു.
കേരളത്തിന്റെ വളർച്ചയെ പുതിയ തലത്തിലേക്ക് ഉയർത്താനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. വ്യവസായ സൗഹൃദാന്തരീക്ഷത്തിൽവരെ കേരളം രാജ്യത്ത് ഒന്നാമതായി. ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച് പാവപ്പെട്ടവർക്ക് സൗജന്യ കണക്‌ഷൻ നൽകുന്നു. അതിദാരിദ്ര്യം ഇല്ലാത്ത രാജ്യത്തെ ഒരേയൊരു സംസ്ഥാനമാകാൻ പോകുകയാണ് കേരളം. രാജ്യത്ത് ബദൽ വികസനനയം നടപ്പാക്കുന്നത് കേരളത്തിലെ എൽഡിഎഫ് സർക്കാരാണ്. ആ സർക്കാരിനെ ഏതുവിധേനയും ദുർബലപ്പെടുത്താനാണ് കേന്ദ്രത്തിലെ ബിജെപി സർക്കാർ ശ്രമിക്കുന്നത്. സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്നതും ദുരിതാശ്വാസ സഹായംപോലും അനുവദിക്കാത്തതും അതിന്റെ ഭാഗമാണ്.
ജനാധിപത്യ പാർടി എന്ന് കോൺഗ്രസിനെ വിശേഷിപ്പിക്കുന്നത് ശരിയാണോ എന്ന് മാധ്യമങ്ങൾ പരിശോധിക്കണം. ആ പാർടിയുടെ വിവിധ തലങ്ങളിൽ ഒരു തെരഞ്ഞെടുപ്പു നടന്നിട്ട് പതിറ്റാണ്ടുകളായി. വിവിധ കമ്മിറ്റികളെയും ഭാരവാഹികളെയും ഹൈക്കമാൻഡ് നിയമിക്കുകയാണ്. തലസ്ഥാന ജില്ലയിലെ രണ്ടു പാർലമെന്റ് മണ്ഡലങ്ങളിലും വർഗീയ ശക്തികൾ എങ്ങനെ ശക്തിയാർജിച്ചു എന്നത് പരിശോധിക്കണം. നവോത്ഥാന മുന്നേറ്റത്തിന്റെ ഈ മണ്ണിൽ വർഗീയവാദത്തിന്റെ വളർച്ച ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..