തിരുവനന്തപുരം
കൊല്ലത്തെ ഡാലിയ ടീച്ചറുടെ ഹൃദയം ഇനി തൃശൂർ സ്വദേശിയായ പതിനാലുകാരി അനുഷ്ക രമേശിൽ തുടിക്കും. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ നടത്തിയ ഹൃദയമാറ്റ ശസ്‌ത്രക്രിയയിലൂടെ ടീച്ചറുടെ ഹൃദയം അനുഷ്കയിൽ തുന്നിച്ചേർത്തു. ആദ്യ ഹൃദയംമാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയ്ക്കാണ് ശ്രീചിത്ര സാക്ഷ്യം വഹിച്ചത്. ശസ്ത്രക്രിയ വിജയകരമാണെന്നും കുട്ടി സുഖംപ്രാപിക്കുന്നതായും ശ്രീചിത്ര അധികൃതർ അറിയിച്ചു.
കൊല്ലം കുഴിത്തുറ ഗവ. എച്ച്എസ്എസിലെ അധ്യാപിക ബി ഡാലിയയുടെ (47) മസ്തിഷ്ക മരണം ആശുപത്രി അധികൃതർ സ്ഥിരീകരിച്ചതോടെയാണ് കുടുംബം അവയവങ്ങൾ നൽകാൻ തീരുമാനിച്ചത്. ഇതോടെ ഹൃദയവും രണ്ട് വൃക്കയും കരളും കണ്ണുകളും ആറുപേരുടെ ജീവിതത്തിന്റെ ഭാഗമായി.
വെള്ളിയാഴ്ചയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഡാലിയയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായർ വൈകിട്ട് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ജലസേചന വകുപ്പിൽ സീനിയർ ക്ലർക്കായ ഭർത്താവ് ജെ ശ്രീകുമാർ, മക്കളായ ശ്രീദേവൻ, ശ്രീദത്തൻ എന്നിവർ അവയവദാനത്തിന് സമ്മതം നൽകി. ഡാലിയ ചികിത്സയിലിരുന്ന ആശുപത്രിയിൽനിന്ന് തിങ്കൾ പകൽ 11.30നാണ് ആഭ്യന്തരവകുപ്പ് ഗ്രീൻ കോറിഡോർ ഒരുക്കി ഹൃദയം ശ്രീചിത്രയിലെത്തിച്ചത്. ഒരു വൃക്കയും കരളും സ്വകാര്യ ആശുപത്രിക്കും മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് നൽകി.
നേത്രപടലം തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്തോൽമോളജിക്ക് കൈമാറി. സർക്കാരിന്റെ അവയവദാന പദ്ധതിയായ കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ) വഴിയാണ് അവയവദാനം നടത്തിയത്.
ഹൃദ്രോഗത്തിന് ശ്രീചിത്രയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അനുഷ്ക. മൃതസഞ്ജീവനി പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തിരുന്നു. അതോടെയാണ് ഹൃദയമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വഴിതുറന്നത്.
സർക്കാർ മേഖലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ മാത്രമാണ് ഇതുവരെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നത്. അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ ബന്ധുക്കളെ മന്ത്രി വീണാ ജോർജ് ആദരവറിയിച്ചു. ഡാലിയയുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായി മന്ത്രി അറിയിച്ചു. ചികിത്സാരംഗത്ത് ശ്രീചിത്രയുടെ മറ്റൊരു അഭിമാനനേട്ടമാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..