വർക്കല
തീരമേഖലയിലെ സ്വാഭാവിക കണ്ടലുകൾ നശിക്കുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള കൈയേറ്റമാണ് കണ്ടൽക്കാടുകൾക്ക് ഭീഷണിയാകുന്നത്. കടക്കണ്ടൽ, കുറ്റിക്കണ്ടൽ, സുന്ദരിക്കണ്ടൽ, വള്ളിക്കണ്ടൽ, നക്ഷത്രക്കണ്ടൽ, കടപ്പാല, പൂക്കണ്ടൽ, മച്ചിത്തോൽ, ഉപ്പട്ടി, കരിനാക്കി, കണ്ണുപൊട്ടി എന്നിങ്ങനെയുള്ള കണ്ടലുകളാൽ സമൃദ്ധമായിരുന്നു കാപ്പിൽ തീരം. ദേശാടനത്തിനെത്തുന്ന കൊക്കുവർഗത്തിൽപ്പെടുന്ന പക്ഷികളിൽ മിക്കതും പ്രജനനത്തിനായി കണ്ടൽവനങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. ഒപ്പം ഞണ്ട്, കക്ക, കരിമീൻ എന്നിവയുടെ പ്രജനന കേന്ദ്രംകൂടിയാണ് കണ്ടൽ. ജില്ലയിൽ 23 ഹെക്‌ടർ വിസ്‌തീർണത്തിലാണ് കണ്ടൽക്കാടുകളുള്ളതായി കണക്കാക്കപ്പെടുന്നത്. വനം, പരിസ്ഥിതിനിയമങ്ങൾ ലംഘിച്ചാണ് കണ്ടൽച്ചെടികൾ പിഴുത് മാറ്റപ്പെടുന്നത്. മണ്ണിട്ട് നികത്തപ്പെടുന്നതോടെ കണ്ടൽ വളരുന്ന പ്രദേശങ്ങളിൽ കണ്ടൽക്കാടുകൾ അപ്രത്യക്ഷമാകുന്നു. സ്വാഭാവിക കണ്ടലുകൾ നശിക്കുന്ന സാഹചര്യത്തിൽ സർക്കാർ കൃത്രിമ കണ്ടൽ പദ്ധതിക്ക് രൂപം നൽകിയിരുന്നു. ഇടവ നടയറ കായലിന്റെ ഭാഗമായ വെറ്റക്കട കൊച്ചുകായൽ മുതൽ കാപ്പിൽ തീരം വരെ ഏകദേശം 5 ഹെക്‌ടർ ദൂരപരിധിയിലാണ് വർഷങ്ങൾക്ക് മുമ്പ് കൃത്രിമ കണ്ടലുകൾ വച്ചുപിടിപ്പിച്ചത്. സെന്റർ ഫോർ വാട്ടർ റിസോഴ്സ് മാനേജ്മെന്റ് ആൻഡ് ഡെവലപ്‌മെന്റാണ് പദ്ധതി വിഭാവനം ചെയ്‌തത്. ലക്ഷങ്ങൾ ചെലവഴിച്ച് പദ്ധതി യാഥാർഥ്യമാക്കിയെങ്കിലും മേൽനോട്ടവും പരിപാലനവും അവതാളത്തിലായി. വനംവകുപ്പിന്റെ നേതൃത്വത്തിൽ ഹരിതതീരം പദ്ധതി നടപ്പാക്കിയെങ്കിലും ഫലപ്രദമായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..