23 September Monday
ദേശീയ അക്വാട്ടിക് വാട്ടര്‍പോളോ

കേരള വനിതകൾക്ക്‌ കിരീടം; 
പുരുഷ വിഭാഗം സര്‍വീസസ് ചാമ്പ്യന്മാര്‍

സ്വന്തം ലേഖകൻUpdated: Monday Sep 23, 2024

ദേശീയ അക്വാട്ടിക് വാട്ടർപോളോയിൽ വിജയികളായ കേരള വനിതാ ടീം മന്ത്രി വി ശിവൻകുട്ടിക്കൊപ്പം

 
വെഞ്ഞാറമൂട്
ദേശീയ അക്വാട്ടിക് വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം കിരീടം കേരളത്തിന്. സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരളം കരുത്തരായ ബംഗാളിനെ തോല്‍പ്പിച്ചു. ആറിനെതിരെ പതിനാല് ഗോളുകള്‍ക്കായിരുന്നു ജയം. കേരളത്തിന്റെ കൃപയാണ് മത്സരത്തിലെ താരം. മത്സരത്തില്‍ ബംഗാളാണ് ആദ്യം സ്‌കോര്‍ ചെയ്തത്. പിന്നീട് ഉണര്‍ന്ന് കളിച്ച കേരളം എല്ലാ ക്വാര്‍ട്ടറിലും ലീഡ് നിലനിര്‍ത്തി. എല്ലാ മത്സരങ്ങളും വിജയിച്ചാണ്‌ കേരളം കിരീടം സ്വന്തമാക്കിയത്‌. വനിതാ വിഭാഗത്തില്‍ മഹാരാഷ്ട്ര വെങ്കലം നേടി. പുരുഷന്മാരുടെ വിഭാഗത്തില്‍ സര്‍വീസസ്‌ കിരീടം നേടി. 
സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ റെയില്‍വേസിനെ എട്ടിനെതിരെ 12 ഗോളുകള്‍ നേടിയായിരുന്നു സര്‍വീസസിന്റെ ജയം.
 ചാമ്പ്യന്‍ഷിപ്പിന്റെ മികച്ച വനിതാ താരമായി കൃപയെയും പുരുഷ താരമായി സര്‍വീസസിന്റെ ബാഗേഷിനെയും തെരഞ്ഞെടുത്തു. പുരുഷന്‍മാരുടെ വെങ്കല മെഡലിനുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ പൊലീസിനെ തകര്‍ത്ത് മഹാരാഷ്ട്ര. പതിനൊന്നിന് എതിരെ പതിനഞ്ച് ഗോളുകള്‍ക്കായിരുന്നു മഹാരാഷ്ട്രയുടെ ജയം. സൂപ്പര്‍ ലീഗിലെ എല്ലാ മത്സരങ്ങളും തോറ്റ ഇന്ത്യന്‍ പൊലീസ് പോയിന്റ് പട്ടികയില്‍ നാലാമതായി ഫിനിഷ് ചെയ്തു. 
 സമാപന ചടങ്ങ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കേരള സ്‌പോര്‍ട്‌സ് ആൻഡ്‌ യൂത്ത് അഫേഴ്‌സ് ഡയറക്ടര്‍ വിഷ്ണു രാജ്, സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി മൊനാല്‍ ചോക്‌സി, എം വിജയകുമാര്‍, ടെക്‌നികല്‍ കമ്മിറ്റി ചെയര്‍മാൻ എസ് രജീവ്, കേരള അക്വാട്ടിക് അസോസിയേഷന്‍ സെക്രട്ടറി മുരളീധരന്‍, ജോ. സെക്രട്ടറി ജി ശ്രീകുമാര്‍ എന്നിവർ സംസാരിച്ചു.
പുരുഷ വിഭാഗം ചാമ്പ്യന്മാരായ  സര്‍വീസസ്‌ ടീം

പുരുഷ വിഭാഗം ചാമ്പ്യന്മാരായ സര്‍വീസസ്‌ ടീം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top