23 September Monday

ഭിന്നശേഷി സമീപനത്തിൽ കേരളം 
രാജ്യത്തിന്‌ മാതൃക: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Monday Sep 23, 2024

ഡിഫറന്റ് ആർട്ട്‌ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇൻക്ലൂസിവ് ഇന്ത്യ ഭാരതയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ പതാക കൈമാറി നിർവഹിക്കുന്നു. മന്ത്രി ആർ ബിന്ദു, ബോണിഫേസ് പ്രഭു, വികലാംഗ ക്ഷേമ കോർപറേഷൻ ചെയർപേഴ്സൺ 
എം വി ജയാഡാലി എന്നിവർ സമീപം

 
തിരുവനന്തപുരം
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരോടുള്ള സമീപനത്തിൽ കേരളം രാജ്യത്തിന്‌ മാതൃകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിഫറന്റ്‌ ആർട്ട് സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ കന്യാകുമാരിമുതൽ കശ്‌മീർവരെ നടക്കുന്ന ഇൻക്ലൂസിവ് ഇന്ത്യ ഭാരതയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനവും പതാക കൈമാറലും നിർവഹിക്കുകയായിരുന്നു അദ്ദേഹം. 
വിനോദസഞ്ചാര കേന്ദ്രമടക്കം ഭിന്നശേഷി സൗഹൃദമാക്കാനാണ്‌ ശ്രമം. ഭിന്നശേഷിക്കാർക്ക്‌ സർക്കാർ വിനോദത്തിനുള്ള അവസരമൊരുക്കുകയാണ്‌. സർക്കാർ വെബ്‌സൈറ്റുകളും ഭിന്നശേഷി സൗഹൃദമാവുകയാണ്‌. തടസ്സരഹിതകേരളമെന്ന മുദ്രാവാക്യമുയർത്തി ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്‌. പൊതുവിടങ്ങൾ, പാർക്കുകൾ, നടപ്പാതകൾ, ഗതാഗത സംവിധാനങ്ങൾ എല്ലാം  ഭിന്നശേഷി സൗഹൃദമാകും. രണ്ടായിരത്തിലധികം പൊതുകെട്ടിടങ്ങൾ ഇതിനകം തടസ്സരഹിത കേന്ദ്രങ്ങളായി.
ഭിന്നശേഷിക്കാരുടെ കേസുകൾ കേൾക്കാൻ പ്രത്യേക കോടതികളും സ്ഥാപിച്ചിട്ടുണ്ട്‌. നിയമന, സ്ഥാനക്കയറ്റ സംവരണം മൂന്നുശതമാനമാക്കി ഉയർത്തി. അനുയാത്ര പദ്ധതിയിലൂടെ ഭിന്നശേഷി പ്രതിരോധംമുതൽ സുസ്ഥിര പുനരധിവാസംവരെയുള്ള സേവനം ലഭ്യമാക്കിയിട്ടുണ്ട്‌. ഭിന്നശേഷിക്കാരായ അഗതികൾക്കും അനാഥർക്കും സർക്കാർ പുനരധിവാസ സേവനമുറപ്പാക്കുന്നുണ്ട്‌. മൂന്നരലക്ഷം പേർക്ക്‌ ഏകീകൃത തിരിച്ചറിയൽ കാർഡ്‌ നൽകി. ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള കേരളത്തിന്റെ പദ്ധതികൾ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെത്തിക്കാനും അവിടങ്ങളിലെ മാതൃകാപരമായ ഇടപെടലുകൾ നമ്മുടെ ശ്രദ്ധയിൽപ്പെടുത്താനും ഇൻക്ലൂസിവ് ഇന്ത്യ ഭാരതയാത്ര ഉപകാരപ്രദമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ആർ ബിന്ദു അധ്യക്ഷയായി. ഇൻക്ലൂസിവ് ഇന്ത്യ ഭാരതയാത്രയുടെ ബ്രാൻഡ് അംബാസഡർ ബോണിഫേസ് പ്രഭു, വികലാംഗക്ഷേമ കോർപറേഷൻ ചെയർപേഴ്‌സൺ എം വി ജയഡാളി, ഡയറക്ടർ ഷൈല തോമസ് എന്നിവർ സംസാരിച്ചു.
നർത്തകി മേതിൽ ദേവിക ആംഗ്യഭാഷയുടെ പശ്ചാത്തലത്തിലൊരുക്കിയ നൃത്താവതരണത്തിന്റെ പ്രദർശനവും ബുൾബുൾ വാദകൻ ഉല്ലാസ് പൊന്നടിയുടെ സംഗീതാവിഷ്‌കാരവും അരങ്ങേറി. 
ഭാരതയാത്ര ഒക്‌ടോബർ ആറിന്‌ കന്യാകുമാരിയിൽ ആരംഭിച്ച്‌ ഡിസംബർ മൂന്നിന്‌ ഡൽഹിയിൽ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top