തിരുവനന്തപുരം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട ചടങ്ങുകൾ ഞായറാഴ്ച സമാപിച്ചു. ഞായർ രാത്രി എട്ടരയോടെ ക്ഷേത്രം സ്ഥാനി രാമവർമയാണ് പള്ളിവേട്ട കർമം നിർവഹിച്ചത്. തിങ്കൾ വൈകിട്ട് ശംഖുംമുഖം കടലിൽ നടക്കുന്ന അൽപ്പശി ആറാട്ടോടുകൂടി ഉത്സവം കൊടിയിറങ്ങും.
ഞായറാഴ്ച ഉത്സവ ശീവേലിക്കുശേഷമാണ് വേട്ടക്കെഴുന്നള്ളത്ത് തുടങ്ങിയത്. ശ്രീപദ്മനാഭസ്വാമി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി, നരസിംഹമൂർത്തി എന്നിവരെ എഴുന്നള്ളിച്ചു. പൊലീസും കുതിരപ്പട്ടാളവും കോൽക്കാരും കുന്തക്കാരും മറ്റ് ഉദ്യോഗസ്ഥരും അകമ്പടി സേവിച്ചു. ഭരണസമിതിയംഗം ആദിത്യവർമ, രാജകുടുംബാംഗങ്ങളായ ഗൗരി പാർവതിഭായി, ഗൗരി ലക്ഷ്മിഭായി, എക്‌സിക്യൂട്ടീവ് ഓഫീസർ ബി മഹേഷ്, മാനേജർ ബി ശ്രീകുമാർ തുടങ്ങിയവരും പങ്കെടുത്തു.
തിങ്കൾ വൈകിട്ട് അഞ്ചിന് ആറാട്ട് ചടങ്ങുകൾ ആരംഭിക്കും. തിരുവല്ലം പരശുരാമക്ഷേത്രം, നടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽനിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തും. തുടർന്ന് ഒരുമിച്ച് ഘോഷയാത്രയായി ശംഖുംമുഖത്തേക്ക് നീങ്ങും.
വള്ളക്കടവിൽനിന്ന് വിമാനത്താവളത്തിനകത്ത് കൂടിയാണ് ഘോഷയാത്ര പോകുന്നത്. ഈ സാഹചര്യത്തിൽ വൈകിട്ട് നാലുമുതൽ രാത്രി ഒമ്പതുവരെ വിമാനത്താവളം അടച്ചിടും. രാത്രി എഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും. ചൊവ്വാഴ്ചയാണ് ആറാട്ട് കലശം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..