ന്യൂഡൽഹി
തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിന് ദേശീയ ജല പുരസ്‌കാരം. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് പ്രസിഡന്റ് പി വി രാജേഷ്, സെക്രട്ടറി പി സുനിൽ പുരസ്‌കാരം ഏറ്റുവാങ്ങി. ശുദ്ധജലത്തിന്റെ അഭാവം പിന്നാക്ക വിഭാഗങ്ങളുടെ ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഉപജീവനം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു.
നീരുറവ്, മികവ്, സജലം എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ ജലസ്രോതസുകൾ പുനരുജ്ജീവിപ്പിച്ചതാണ് പഞ്ചായത്തിന് ദേശീയ അംഗീകാരം നേടിക്കൊടുത്തത്. ഹരിത കേരളം മിഷന്റെ ഭാഗമായി മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് നീർത്തട വികസന പദ്ധതി ഒരുക്കിയത്. ജില്ലാ എൻജിനീയർ ദിനേശ് പപ്പൻ, കാർഷിക വിദഗ്ധനായ പ്രശാന്ത്, ജി ഐ എസ് വിദഗ്ധനായ ഡോ.ഷൈജു കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം സാങ്കേതിക ജീവനക്കാരാണ് നീരുറവ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. 2021 ആഗസ്‌തിൽ അന്നത്തെ തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പിന്നീട് 2023 മാർച്ചിൽ കേരളത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കി.
വാമനപുരം ബ്ലോക്കിൽപ്പെട്ട പുല്ലൻപാറ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തുകൂടിയാണ്. വൈസ് പ്രസിഡന്റ് അശ്വതി, വാർഡ് മെമ്പർ പുല്ലമ്പാറ ദിലീപ്, കോ ഓർഡിനേറ്റർ എൻജിനിയർ ദിനേശ് പപ്പൻ, പഞ്ചായത്ത് സാങ്കേതിക ഉദ്യോഗസ്ഥരായ കിരൺ, അൻഷാദ്, ജിത്തു, മഹേഷ് എന്നിവരും ഡൽഹിയിലെ ചടങ്ങിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..