തിരുവനന്തപുരം
സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി മൃഗശാലയിൽ കരപക്ഷികളുടെ വാസസ്ഥലത്തിന്റെയും ക്വാറന്റൈൻ കേന്ദ്രത്തിന്റെയും നിർമാണം പൂർത്തിയാക്കി.
കൃത്രിമ തടാകങ്ങളും കുറ്റിച്ചെടികളും മരക്കഷണങ്ങളുംകൊണ്ട് മനോഹരമാക്കി പക്ഷികൾക്കായി വലിയ ഇരുമ്പുകൂടുകൾ സജ്ജമാണ്. കാഴ്‌ചയിൽ മനോഹാരിത തീർക്കുന്ന വർണപ്പക്ഷികളായ മക്കാവുപോലെയുള്ള പക്ഷികളെ പാർപ്പിക്കാൻ രണ്ടു കോടി 99 ലക്ഷം രൂപയിലാണ് ആവാസവ്യവസ്ഥയുടെ നിർമാണം.
പുതുതായി എത്തുന്ന മൃഗങ്ങളെ നിരീക്ഷിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടെ ആശുപത്രിയോട് ചേർന്നാണ് ക്വാറന്റൈൻ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ നിർദേശം അനുസരിച്ച് രണ്ടു കോടി 49 ലക്ഷം ചെലവാക്കിയാണ് കേന്ദ്രം നിർമിച്ചിരിക്കുന്നത്. ഒരേസമയം 17 മൃഗങ്ങളെ ക്വാറന്റൈൻ ചെയ്യുന്നതിനും ചികിത്സ ആവശ്യമായ മൃഗങ്ങളെ പാർപ്പിക്കുന്നതനായി നാല് സ്ക്യൂസ് കേജുകളും മുതലപോലെയുള്ള ജലജീവികളെ ക്വാറന്റൈൻ ചെയ്യാനുള്ള സൗകര്യവുമുണ്ട്. മൃഗശാലയ്‌ക്കുള്ളിലെ മൃഗങ്ങളുമായി ഒരുവിധ സമ്പർക്കവും വരാത്തതരത്തിലും രോഗാണുക്കൾ പുറത്തേക്കോ അകത്തേക്കോ കടക്കാത്ത തരത്തിൽ രണ്ടാം നില മുഴുവനായും ശീതീകരിച്ചിരിക്കുന്നു.
പ്രദർശനത്തിനും സംരക്ഷണത്തിനുമായി കൂടുതൽ മൃഗങ്ങളെ മൃഗശാലയിൽ എത്തിക്കുകയാണ് മൃഗശാല അധികൃതരുടെ ലക്ഷ്യം.
വിദേശത്തും സ്വദേശത്തുംനിന്നായി പുതിയ സ്പീഷീസിലുള്ള പക്ഷിമൃഗാദികളെ എത്തിക്കാനുള്ള നടപടിയും നടന്നുവരികയാണ്.
ബുധനാഴ്‌ച പകൽ 11ന് വാസസ്ഥലവും ക്വാറന്റൈൻ കേന്ദ്രവും മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..