തിരുവനന്തപുരം
ദേശീയപാതയിലെ ഓടയിൽ ചാക്കിൽ കെട്ടി മാലിന്യം വലിച്ചെറിഞ്ഞ ഓട്ടോ കോർപറേഷൻ പിടിച്ചെടുത്തു. മുട്ടത്തറയ്ക്ക് സമീപം കല്ലുമൂട് ഭാഗത്ത് മാലിന്യം വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യം മേയറുടെ വാട്‌സാപ്പിൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തുടർന്ന് നൈറ്റ് സ്ക്വാഡും സ്‌പെഷ്യൽ സ്ക്വാഡും ചേർന്ന് ഓട്ടോറിക്ഷ കണ്ടെത്തി തുടർനടപടികൾക്കായി ഫോർട്ട് പൊലീസിന് കൈമാറി.
അനധികൃതമായി ജൈവ മാലിന്യം നിറച്ച നിലയിൽ കണ്ടെത്തിയ ഓട്ടോ രാജാജി നഗറിൽനിന്ന് കോർപറേഷൻ നൈറ്റ് സ്ക്വാഡ് പിടിച്ചെടുക്കുകയും കന്റോൺമെന്റ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു.കരമന തളിയൽ റോഡിലെ ഹോട്ടലിലെ മലിനജലം പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നുള്ള പരിശോധനയിൽ ഹോട്ടലിനെതിരെയും നോട്ടീസ് നൽകി. മാലിന്യം പൊതുനിരത്തിലും ജലാശയങ്ങളിലും വലിച്ചെറിയുന്നതിന്റെ ഫോട്ടോ/വീഡിയോ മേയറുടെ ഒഫീഷ്യൽ നമ്പറായ 9447377477-ൽ അയച്ചു നൽകണമെന്ന് കോർപറേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..