തിരുവനന്തപുരം
മൃഗശാലയിൽ നിർമിച്ച ക്വാറന്റൈൻ കേന്ദ്രവും വിവിധയിനം പക്ഷികളെ പാർപ്പിക്കുന്നതിനുള്ള കൂടും മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്‌തു. വി കെ പ്രാശാന്ത് എംഎൽഎ അധ്യക്ഷനായി. പക്ഷികൾക്ക് യഥേഷ്ടം പറക്കാനും ഇണചേരാനും ഉതകുന്ന വിധത്തിൽ അതിവിശാലമായ മൂന്ന് കൂടാണ് പൂർത്തിയായത്. മൂന്ന് ഇനത്തിൽപ്പെട്ട മക്കാവു പക്ഷികളെ പാർപ്പിക്കാൻ കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരത്തോടെ തയ്യാറാക്കിയതാണ് കൂട്. ഇരുമ്പഴികൾക്കു പകരം വലിയ ഗ്ലാസ് പാളികളിലൂടെ സന്ദർശകർക്ക് ഇവയെ നിരീക്ഷിക്കാം. ഒരേ സമയം മുപ്പതിലധികം പക്ഷികളെ പാർപ്പിക്കാം.മറ്റു മൃഗശാലകളിൽനിന്ന് എത്തിക്കുന്ന മൃഗങ്ങളെയും അതോടൊപ്പം മെച്ചപ്പെട്ട ചികിത്സയ്ക്കായി എത്തിക്കുന്ന മൃഗങ്ങളെയും നിരീക്ഷിച്ച് ചികിത്സ നൽകാൻ സംവിധാനമുള്ളതാണ് രണ്ടു നിലകളിലായുള്ള ക്വാറന്റൈൻ കേന്ദ്രം. മ്യൂസിയം, മൃഗശാലാ വകുപ്പ് ഡയറക്ടർ പി എസ് മഞ്ജുളാദേവി, വൈൽഡ് ലൈഫ് വാർഡൻ എസ് വി വിനോദ്, വെറ്ററിനറി സർജൻ കെ ആർ നികേഷ് കിരൺ, മൃഗശാലാ സൂപ്രണ്ട് വി രാജേഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..